oil


 ഭക്ഷ്യവസ്തുക്കളിലെ മായം: വിപുലമായ ബോധവത്ക്കരണ പരിപാടികൾ നടത്തും

ഇടുക്കി: ഭക്ഷ്യസുരക്ഷാ നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാതല ഭക്ഷ്യ ഉപദേശക സമിതി യോഗം തീരുമാനിച്ചു. ഭക്ഷ്യ വിഷബാധ പോലെയുള്ള സംഭവങ്ങൾ ഒരു കാരണവശാലും ജില്ലയിൽ ഉണ്ടാകരുതെന്നും ഭക്ഷ്യ വസ്തുക്കളിൽ മായം കലർത്തുന്നവർക്കെതിരെ കർക്കശമായ നിയമപരമായ നടപടികൾ കൈക്കൊള്ളണമെന്ന് കളക്ടർ നിർദേശിച്ചു. ഇത്തരം കാര്യങ്ങളിൽ വിവരം നൽകിയാൽ ഉചിതമായ നടപടി എടുക്കുമെന്ന് പൊലീസ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ജൂൺ മാസത്തിന് ശേഷം ഭക്ഷ്യസുരക്ഷാ വകുപ്പ് 479 ഭക്ഷ്യോത്പാദക വിതരണ മേഖലയിലുള്ള സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി 125 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി കാക്കനാട് റീജിയണൽ അനലിറ്റിക്കൽ ലാബിലേയ്ക്ക് അയച്ചു. ഈ സാമ്പിളുകളിൽ ആറെണ്ണം സുരക്ഷിതമല്ലെന്ന് (അൺസേഫ്) ആയി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അസി. ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു. കൂടിയ അളവിൽ ടാർട്രാസിൻ അടങ്ങിയ മിക്സചർ, റസ്‌ക് എന്നിവ ഇതിലുൾപ്പെടുന്നു. ഇവയുടെ വിൽപ്പന ജില്ലയിൽ നിരോധിച്ചു.

=ജില്ലയിൽ 44 പരാതികൾ ലഭിച്ചു. 35 എണ്ണം തീർപ്പാക്കി. ബാക്കിയുള്ളവയിൽ നടപടി സ്വീകരിച്ചുവരുന്നു. പരിശോധനകളിൽ ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും 2.8 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.

=കൃത്രിമ നിറം നൽകുന്നതിനാണ് ടാർട്രാസിൻ ഭക്ഷ്യവസ്തുക്കളിൽ ഉപയോഗിക്കുന്നത്. എന്നാൽ കൂടുതൽ അളവിലുള്ള ഉപയോഗം അലർജിക്ക് കാരണമാകും. സ്‌കൂൾ കുട്ടികളുടെ ഇടയിൽ ഇത് സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കളക്ടർ നിർദേശിച്ചു.

ഓപ്പറേഷൻ ലൈഫ് - 31 പരിശോധനകൾ

ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി സംസ്ഥാനത്ത് ഉത്പ്പാദിക്കപ്പെടുന്നതും മറ്റ് സംസ്ഥാനങ്ങളിൽ ഉത്പ്പാദിപ്പിച്ച് കേരളത്തിൽ വിൽപ്പന നടത്തുന്നതുമായ വെളിച്ചെണ്ണയുടെ ഗുണനിലവാരം, ശുദ്ധത എന്നിവ ഉറപ്പുവരുത്തുന്നതിനായും, വെളിച്ചെണ്ണയിൽ മായം ചേർക്കൽ തടയുന്നതിനുമായി പ്രത്യേക പരിശോധനകൾ നടത്തി. 31 പരിശോധനകളിലായി നാല് സാമ്പിളുകൾ ശേഖരിച്ചു. 2 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കഴിഞ്ഞ ആഗസ്റ്റ് 26 ന് വെളിച്ചെണ്ണ ഉൽപ്പാദന വിതരണ സ്ഥാപനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ കോക്കനട്ട് ടെസ്റ്റ ഓയിലിന്റെ 90 കിലോ പിടിച്ചെടുത്തു. ഇതിൽ നിന്നും സാമ്പിൾ ശേഖരിച്ച് കൊച്ചി ഇന്റർഫീൽഡ് ലാബിൽ പരിശോധനയ്ക്ക് അയച്ചു. കൂടാതെ 16.5 ലിറ്റർ വെളിച്ചെണ്ണയും ഉത്തരത്തിൽ പിടിച്ചെടുത്ത് സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഇതിൽ കോക്കനട്ട് ടെസ്റ്റ ഓയിൽ നിലവാരമില്ലാത്തതാണെന്ന് ലാബ് റിപ്പോർട്ട് ലഭ്യമായിട്ടുണ്ട്. തുടർ നടപടികൾ സ്വീകരിച്ചുവരുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ അറിയിച്ചു.