മൂലമറ്റം: അറക്കുളം വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസായി ഉയർത്താനുള്ള നടപടികളുടെ ഭാഗമായി 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. റവന്യൂ മന്ത്രി കെ. രാജനുമായി നടത്തിയ ചർച്ചകളുടെ ഫലമായാണ് നിലവിലുള്ള വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസായി ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. തൊടുപുഴ താലൂക്കിന്റെ പരിധിയിലാണ് അറക്കുളം വില്ലേജ് ഓഫീസ് വരുന്നത്. വില്ലേജ് ഓഫീസ് നവീകരിച്ച് അത്യാധുനിക സൗകര്യങ്ങളുള്ള സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കുന്നതിനാണ് തുക അനുവദിച്ചിട്ടുള്ള്. പഴയ വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ നവീകരിക്കുകയല്ല സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ആധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയാണ് പദ്ധതി. റിസപ്ഷനും കാത്തിരിപ്പ് കേന്ദ്രവുമടക്കം ജനങ്ങൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും പുതിയ കെട്ടിടത്തിലുണ്ടാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.