തൊടുപുഴ: ന്യൂമാൻ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം.ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടിയത്. കോളേജിന്റെ പ്രവേശ കവാടത്തിന് സമീപം റോഡിലായിരുന്നു സംഘർഷം. മുമ്പ് നടന്ന കോളേജ് യൂണിയന്റെ ഉദ്ഘാടനത്തിനിടയിൽ രണ്ട് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു ഇന്നലെത്തെ സംഭവം. ക്ലാസ് കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് സംഘർഷമുണ്ടാക്കുകയായിരുന്നു. സംഘർഷത്തിൽ ആർക്കും കാര്യമായ പരിക്കില്ല. തൊടുപുഴ പൊലീസ് എത്തിയപ്പോഴേക്കും സംഘർഷം അവസാനിച്ചിരുന്നു. ആരും പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.