 പരാതികളും നിവേദനങ്ങളും സ്വീകരിച്ചു


തൊടുപുഴ: കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ കലുങ്ക് സൗഹൃദ സംഗമം ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇന്നലെ രാവിലെ മൂലമറ്റം ഗണപതി ക്ഷേത്രത്തിന് മുമ്പിലായിരുന്നു സംഗമം നടന്നത്. രാവിലെ 7.45ന് എത്തിയ സുരേഷ് ഗോപി ക്ഷേത്രദർശനം നടത്തി പ്രസാദമായി നൽകിയ ഉണ്ണിയപ്പവും സ്വീകരിച്ചതിന് ശേഷമാണ് സംഗമം തുടങ്ങിയത്. പ്രത്യേകം തയ്യാറാക്കിയ വേദിയുടെ തറയിൽ ഇരുന്നായിരുന്നു സുരേഷ് ഗോപി പരിപാടി ആരംഭിച്ചത്. വിവിധ വിഭാഗം ആളുകളുമായി നാട്ടിലെ നിരവധി പ്രശ്നങ്ങൾ മന്ത്രി ചർച്ച ചെയ്തു. പങ്കെടുത്തവരുടെ പരാതികൾക്ക് മറുപടിയും നൽകി. കേന്ദ്ര ഇടപെടലിലൂടെ സാദ്ധ്യമാകുന്ന വിഷയങ്ങളിൽ പരിഹാരം കാണുമെന്ന ഉറപ്പും നൽകി. സംസ്ഥാന സർക്കാർ നടപ്പാക്കേണ്ട പദ്ധതികളിൽ ഇടപെടാൻ പരിമിതികളുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കോവിൽമല രാജാവ് രാമൻ രാജമന്നാൻ, മത- സാമുദായിക നേതാക്കൾ, വിവിധ ആദിവാസി ഉന്നതികളിലെ ഊരു മൂപ്പൻമാർ, ബി.ജെ.പി നേതാക്കൾ എന്നിവർക്ക് പുറമെ നിരവധി പൊതുജനങ്ങളും പരിപാടിക്ക് എത്തിയിരുന്നു. ആദിവാസി ഉന്നതികളിൽ നിന്ന് എത്തിയവർ കേന്ദ്രമന്ത്രിയ്ക്ക് വനവിഭവങ്ങളടക്കം ഉപഹാരമായി നൽകി. പങ്കെടുത്തവരുടെ പരാതിയും നിവേദനങ്ങളും സ്വീകരിച്ചു. 10.15നാണ് ഇവിടെ നിന്ന് മടങ്ങിയത്.

ജില്ലാ ആശുപത്രിയും സന്ദർശിച്ചു
മൂലമറ്റത്ത് നടന്ന സംഗമ പരിപാടിയ്ക്ക് ശേഷം സുരേഷ് ഗോപി തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റ് സന്ദർശിച്ചു. പ്ലാന്റ് പ്രവർത്തനരഹിതമായി കിടക്കുന്നത് സംബന്ധിച്ച് എം.പിയ്ക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ എത്തിയത്. തുടർന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പി.എൻ. അജിയുമായി ചർച്ച നടത്തി. പ്രശ്നപരിഹാരത്തിനായി ഇടപെടൽ നടത്തുമെന്നും റിപ്പോർട്ട് ആവശ്യപ്പെട്ടതായുമായിരുന്നു ചർച്ചയ്ക്ക് ശേഷമുള്ള പ്രതികരണം. തുടർന്ന് മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബി.ജെ.പി നേതാവ് ബിനു ജെ. കൈമളിനെയും സന്ദർശിച്ച ശേഷം 11ന് കോട്ടയത്തെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് മടങ്ങി.