കുമാരമംഗലം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് തൊടുപുഴ ബ്ലോക്കിന്റെ നേതൃത്വത്തിൽ ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം മണ്ണിന്റെ ആരോഗ്യവും ജലസംരക്ഷണവും ഉറപ്പാക്കി കർഷകരുടെ ഭാവി സംരക്ഷണത്തിനായുള്ള കിസാൻമേള ഏകദിന പരിപാടി വെള്ളിയാഴ്ച കുമാരമംഗലത്ത് ആരംഭിക്കും. രാവിലെ 10 മുതൽ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന കിസാൻമേളയുടെ ഉദ്ഘാടനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു നിർവ്വഹിക്കും. കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് അദ്ധ്യക്ഷത വഹിക്കും. ബ്ലോക്കിലെ മികച്ച സി.ആർ.പിയായ മാത്യു ജോൺ മുഴുത്തേറ്റിനെ തൊടുപുഴ നഗരസഭാ ചെയർമാൻ കെ. ദീപക് ആദരിക്കും. ജില്ലാ പഞ്ചായത്ത് അംഗം ഇന്ദു സുധാകരൻ മുഖ്യപ്രഭാഷണം നടത്തും. കൃഷി ഡെപ്യൂട്ടി ഡയറക്ടർ എസ്. ആശ പദ്ധതി വിശദീകരണം നടത്തും. രാവിലെ കുട്ടികളുടെ കാർഷിക ക്വിസ് മത്സരത്തിന് ശേഷം 11 മുതൽ 'വാഴകൃഷി: നൂതന സാങ്കേതിക വിളപരിപാലനം" എന്ന വിഷയത്തിൽ തൃശ്ശൂർ കണ്ണാറ വാഴ ഗവേഷണ കേന്ദ്രം അസോസിയേറ്റ് പ്രൊഫ. ഡോ. ഗവാസ് രാഗേഷ് സെമിനാർ നയിക്കും. വിവിധ പഞ്ചായത്തുകളിലെ കർഷകരുടെ കാർഷിക വിളകളുടെയും മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെയും വിവിധ യന്ത്രോപകരണങ്ങൾ തുടങ്ങിയവയുടെയും പ്രദർശനവും വില്പനയും കിസാൻ ക്രെഡിറ്റ് കാർഡ് ബോധവത്കരണ ക്യാമ്പ്, വിള പരിപാലന ആരോഗ്യ കേന്ദ്രം, പി.എം കിസാൻ ഹെൽപ്പ് ഡെസ്‌ക് തുടങ്ങിയവ കിസാൻമേളയുടെ ഭാഗമായി കർഷകർക്ക് ലഭ്യമാകും. തൊടുപുഴ കൃഷി അസി. ഡയറക്ടർ ടി.ജി. ആര്യാംബ സ്വാഗതവും കുമാരമംഗലം കൃഷി ഓഫീസർ ആർദ്ര ആൻ പോൾ നന്ദിയും പറയും.