തൊടുപുഴ: 'കേരളത്തനിമയിലേക്ക് 'എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് സന്യാസിമാരുടെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടക്കുന്ന ധർമ്മ സന്ദേശയാത്രയുടെ ഭാഗമായി മൂന്നിന് സ്വാമി ചിദാനന്ദപുരി, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, സ്വാമി വിവിക്താനന്ദ സരസ്വതി തുടങ്ങിയ 20ലേറെ സന്യാസിമാർ പങ്കെടുക്കുന്ന ധർമ്മ സന്ദേശവിളംബര യാത്രയും സന്യാസി സംഗമവും സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സ്വാമിമാരെ പൂർണ്ണ കുംഭം നൽകി സ്വീകരിക്കും. ഇ.എ.പി ഹാളിൽ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന സ്വാമി വിവേകാനന്ദ നഗറിൽ യതീപൂജ, ധർമ്മസഭ എന്നിവ നടക്കും. വൈകിട്ട് മൂന്നിന് സ്വാമിമാർ നേതൃത്വം നൽകുന്ന ഘോഷയാത്ര. തുടർന്ന് ഇ.എ.പി ഹാളിൽ പൊതുസമ്മേളനം. ഏഴ് മുതൽ 21 വരെ ചിദാനന്ദപുരി സ്വാമി നയിക്കുന്ന ധർമ്മസന്ദേശയാത്രയുടെ മുഖ്യ രക്ഷാധികാരി മാതാ അമൃതാനന്ദമയി ദേവിയാണ്. സാഹിത്യകാരൻ സി. രാധാകൃഷ്ണൻ ചെയർമാനും സ്വാമി അയ്യപ്പദാസ് വർക്കിംഗ് ചെയർമാനായും പ്രവർത്തിക്കുന്നു. വാർത്താസമ്മേളനത്തിൽ സ്വാമി അയ്യപ്പദാസ്, എസ്. പത്മഭൂഷൺ, ആർ. സുനിൽകുമാർ, കെ.കെ. അജിത്, പി.ജി. ജയകൃഷ്ണൻ, വി.കെ. ബിജു എന്നിവർ വിളംബരയാത്രയെക്കുറിച്ച് വിശദീകരിച്ചു.