തൊടുപുഴ: വാഴക്കുളത്ത് കിഡ്‌നി രോഗികൾക്കായി സൗജന്യ ഡയാലിസിസ് ചെയ്യുന്ന 'വാഴക്കുളം സൗജന്യ ഡയാലിസിസ് സെന്ററിന്റെ" ഉദ്ഘാടനം മൂന്നിന് വൈകിട്ട് അഞ്ചിന് സ്‌പീക്കർ എ.എൻ. ഷംസീർ നിർവഹിക്കും. വാഴക്കുളം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വാഴക്കുളം സെന്റ് ജോർജ് ആശുപത്രിയുമായി സഹകരിച്ചാണ് സൗജന്യ ഡയാലിസിസ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മഞ്ഞള്ളൂർ, ആവോലി, ആരക്കുഴ, കല്ലൂർക്കാട്, ആയവന എന്നീ പഞ്ചായത്തുകളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കിഡ്‌നി രോഗികൾക്ക് മുൻഗണ നൽകി കൊണ്ടാണ് സെന്ററിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. വാഴക്കുളം സെന്റ് ജോർജ് ആശുപത്രി ഗ്രൗണ്ടിൽ വാഴക്കുളം ചാരിറ്റബിൾ ട്രസ്‌റ്റ് ചെയർമാൻ സിജു സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതു സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ സ്ഥാപനത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും. ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ എം.എൽ.എ, ജസ്‌റ്റിസ് സോഫി തോമസ്, പി.സി. ജേക്കബ്, മോൺ. പയസ് മലേകണ്ടത്തിൽ, ഫാ. ജോർജ് പൊട്ടയ്ക്കൽ, മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ്, ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്‌ണൻ, ജില്ലാ പഞ്ചായത്ത് അംഗം ഉല്ലാസ് തോമസ്, ഡോ. ടോം മണ്ണപ്പുറത്ത് ജോസഫ് എന്നിവർ പങ്കെടുക്കും. വാഴക്കുളം ഡയാലിസിസ് ക്ലബ്ബിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നിർവഹിക്കും. വൈകിട്ട് 4.30ന് വാഴക്കുളം കല്ലൂർക്കാട് ജംഗ്ഷനിൽ നിന്ന് സെന്റ് ജോർജ്‌ ആശുപത്രി ഗ്രൗണ്ടിലേക്ക് "പൈനാപ്പിൾ സിറ്റി വാക്കത്തോണും" ഉണ്ടാകും. വാർത്താസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ സിജു സെബാസ്റ്റ്യൻ, സെക്രട്ടറി അഡ്വ. ജോണി മെതിപ്പാറ, സംഘാടക സമിതി അംഗങ്ങളായ സാജു ടി. ജോസ്, ജെയിംസ് തോട്ടുമാരിക്കൽ, ബേബി ജോൺ, തോമസ് വർഗീസ്, പ്രൊഫ. ജോസ് അഗസ്റ്റിൻ, ജിജി മാത്യു എന്നിവർ പങ്കെടുത്തു.