
കട്ടപ്പന :പ്രകൃതിയുടെ വിസ്മയ കാഴ്ചകൾ ഒരുക്കി സഞ്ചാരികളെക്കൊണ്ട് നിറയുകയാണ് ഇടുക്കി കാൽവരി മൗണ്ട്. നവരാത്രി അവധിയിൽ വലിയ തിരക്കിലാണ് ഈ വ്യൂ പോയിന്റ്. ഇടുക്കി ജലാശയത്തിന്റെ ദൂരകാഴ്ചയും മഞ്ഞുമൂടിയ മലനിരകളും ആരുടെയും മനം കവരുന്നതാണ്. ഇടുക്കി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് കാൽവരി മൗണ്ട്. മലമുകളിൽ സഞ്ചാരികൾക്കായി പ്രകൃതി ഒരുക്കിയ മനോഹര പ്രദേശം. മഞ്ഞുമൂടിയ മലനിരകൾ, അപ്രതീക്ഷിതമായി എത്തുന്ന ചാറ്റൽ മഴ.ഒപ്പം വീശിയടിക്കുന്ന കാറ്റ്. കാറ്റിൽ മഞ്ഞ് മറയുമ്പോൾ ദൃശ്യമാകുന്ന ഇടുക്കി ജലാശയം. അങ്ങനെ പറഞ്ഞാൽ തീരാത്ത കാഴ്ചകളാണ് കാൽവരി മൗണ്ടിൽ. അപ്രതീഷിതമായി എത്തുന്ന മഴ വില്ലനാകുമെങ്കിലും മഴ നനഞ്ഞ് കാഴ്ച കണ്ട് നടക്കുന്നതും പുതിയ അനുഭവമാണ്. മൂന്നാറും തേക്കടിയും വാഗമണ്ണും ഒക്കെയാണ് ഇടുക്കിയുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെങ്കിലും കാൽവരി മൗണ്ട് പോലെ നിരവധി സ്ഥലങ്ങളും ഇടുക്കിയുടെ പ്രകൃതി സുന്ദര കാഴ്ച്ചകൾ സഞ്ചാരികൾക്ക് സമ്മാനിക്കുന്നു.
അന്യസംസ്ഥാന
സഞ്ചാരികളുടെ
ഇഷ്ട ലൊക്കേഷൻ
നവരാത്രി അവധി പ്രമാണിച്ച് നിരവധി ആളുകളാണ് വിവിധ പ്രദേശങ്ങളിൽനിന്നും ഇവിടുത്തെ പ്രകൃതിഭംഗി ആസ്വദിക്കാൻ എത്തുന്നത്. തമിഴ്നാട് ,കർണാടക തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൂടുതലും. അതിനോടൊപ്പം കേരളത്തിലെ വിവിധ ജില്ലയിൽ നിന്നുള്ള വിനോദസഞ്ചാരികളും കാൽവരി മൗണ്ടിനേ തേടിയെത്തുന്നു. ജില്ലയിലെ വിവിധ മുൻ നിര വിനോദസഞ്ചാര കേന്ദ്രങ്ങളെ പോലെ തിരക്ക് വർദ്ധിക്കുകയാണ് കാൽവരി മൗണ്ടിലും.
=ദിനംപ്രതി ആയിരത്തിലേറെ സന്ദർശകരാണ് ഇവിടെ എത്തുന്നത്. ശനി ഞായർ ദിവസങ്ങളിൽ 3000 വരെ സഞ്ചാരികൾ ഇവിടെ എത്തുന്നു എന്നാണ് കണക്ക് . ദിവസങ്ങളിലും തിരക്ക് വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.