തൊടുപുഴ: തൊടുപുഴയിൽ രണ്ടിടങ്ങളിൽ വീണ്ടും വിദ്യാർത്ഥി സംഘർഷം. കുമ്പംകല്ല്, പെരുമ്പിള്ളിച്ചിറ, കറുക എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച രാത്രിയിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടലുണ്ടായത്. ഭരണകക്ഷി വിദ്യാർത്ഥി സംഘടനയിലുള്ളവരാണ് ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. രാത്രി 9.30ന് കുമ്പംകല്ലിലായായിരുന്നു ആദ്യത്തെ സംഘർഷം. ഇതിന്റെ തുടർച്ചയായി 10.30ന് കറുകയിലും സംഘർഷം നടന്നു. കുമ്പംകല്ലിലെ സംഘർഷത്തിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നെങ്കിലും പിന്നീട് ഭരണകക്ഷി നേതാക്കൾ ഇടപെട്ട് ഒത്തുതീർപ്പാക്കിയതായാണ് വിവരം. കറുകയിലെ സംഘർഷത്തിൽ കേസ് എടുത്തിട്ടില്ല. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ ന്യൂമാൻ കോളേജിൽ ഇരുവിഭാഗം വിദ്യാർത്ഥികൾ തമ്മിൽ നടന്ന സംഘർഷത്തിന്റെ തുടർച്ചയാണിത്. മുമ്പ് നടന്ന കോളേജ് യൂണിയന്റെ ഉദ്ഘാടനത്തിനിടയിൽ രണ്ട് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടാകുകയും വിദ്യാർത്ഥികൾ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് റോഡരികിൽ തല്ലുണ്ടാക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു തിങ്കളാഴ്ച വൈകിട്ട് മുതൽ രാത്രി വരെ നടന്ന മൂന്ന് സംഘർഷങ്ങൾ.