ph-1

കണ്ണൂർ :അഴീക്കോട് നീർക്കടവിൽ സ്ഥാപിക്കാനൊരുങ്ങുന്ന മിനി ഫിഷ് ലാൻഡിംഗ് സെന്റർ നിർമ്മാണം വേഗത്തിലാകുമെന്ന പ്രതീക്ഷയിൽ മത്സ്യതൊഴിലാളികൾ.സാദ്ധ്യതാ പഠനറിപ്പോ‌ർട്ട് ലഭിച്ചാൽ ഉടൻ പദ്ധതിക്കാവശ്യമായ തുക അനുവദിച്ച് നിർമ്മാണം ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാൻ ഉറപ്പു നൽകിയതോടെയാണ് ഫിഷ് ലാൻഡിംഗ് സെന്റ‌‌ർ എന്ന മത്സ്യതൊഴിലാളികളുടെ സ്വപ്നം യാഥാ‌ർത്ഥ്യമാകാനൊരുങ്ങുന്നത്.

2023 ൽ ആണ് അഴീക്കോട് നീർക്കടവിൽ ആധുനിക രീതിയിലുള്ള ഫിഷ് ലാൻഡിംഗ് സെന്റർ നിർമ്മിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചത്.തുടർന്ന് പദ്ധതിയുമായി ബന്ധപ്പെട്ട ഗവേഷണം നടത്താൻ സംസ്ഥാന സർക്കാർ 24 ലക്ഷം രൂപയുടെ ഭരണാനുമതിയും നൽകിയിരുന്നു.പൂനെ സെൻട്രൽ വാട്ടർ ആന്റ് പവർ റിസേർച്ച് സെന്ററാണ് (സി.ഡബ്ല്യ.പി.ആർ.എസ്) സാദ്ധ്യതാപഠനം നടത്തുന്നത്.ഇതിനായി 9.94 ലക്ഷം രൂപയും അനുവദിച്ചു.കഴിഞ്ഞ ജൂലായിൽ കരട് മാതൃകാ പഠന റിപ്പോർട്ടും സമർപ്പിച്ചു.

ഇതിന് പിന്നാലെ കെ.വി സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പ്രദേശവാസികൾ ചൂണ്ടിക്കാണിച്ച മാറ്റങ്ങൾ ഉൾക്കൊള്ളിച്ച് ആവശ്യമായ പഠനങ്ങൾ നടത്തി സി.ഡബ്ല്യ.പി.ആർ.എസിനോട് ആവശ്യപ്പെട്ടിരുന്നു.അഴീക്കോട് ഉൾപ്പെടെ കേരളത്തിലെ എല്ലാ തുറമുഖങ്ങളും ഫിഷ് ലാൻഡിംഗ് സെന്ററുകളും നവീകരിച്ച് അപകടരഹിതമാക്കുമെന്നും ഇതിനായി ഹാർബർ മാനേജ്മെന്റ് കമ്മറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി സജി ചെറിയാൻ ഉറപ്പുനൽകിയിരുന്നു.

150 മത്സ്യബന്ധന ബോട്ടുകൾ

അഴീക്കോട് മത്സ്യ ഗ്രാമത്തിൽ 150 ഓളം മത്സ്യബന്ധന ബോട്ടുകളാണുള്ളത്. അഴീക്കൽ, കണ്ണൂർ മാപ്പിള ബേ എന്നീ തുറമുഖങ്ങളെയാണ് ഇവർ പ്രധാനമായും ആശ്രയിക്കുന്നത്. നീർക്കടവിൽ ലാൻഡിംഗ് സെന്റർ ഇല്ലാത്തത് തൊഴിലാളികൾക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഇവർക്ക് വരുത്തുന്നത്. ഇതെ തുടർന്നാണ് വിഷയത്തിൽ കെ.വി. സുമേഷ് എം.എൽ.എ ഇടപെട്ടത്. പാരിസ്ഥിതിക പ്രശ്‌നങ്ങളില്ലെങ്കിൽ സെന്റർ അനുവദിക്കാമെന്ന് പിന്നാലെ മന്ത്രിയുടെ ഉറപ്പ് ലഭിക്കുകയും ചെയ്തു.

സാദ്ധ്യതാപഠന റിപ്പോർട്ടിൽ

സ്ഥലത്തിന്റെ ടോപ്പോഗ്രാഫിക്കൽ സർവേ

 വെള്ളത്തിന്റെയും മണ്ണിന്റെയും ഘടന

കടലിന്റേയും കരയുടേയും ബാത്ത് മെട്രിക് സർവേ

 തിരമാല, കാറ്റ്, വേലിയേറ്റം, വേലിയിറക്കം

കാലവർഷത്തിലെ വ്യതിയാനങ്ങൾ