ചെറുവത്തൂർ: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ടൂറിസം വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷ പരിപാടികൾ ഒരാഴ്ചക്കാലം ചെറുവത്തൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉദ്ഘാടനം മൂന്നിന് വൈകു. അഞ്ചിന് എം.രാജഗോപാലൻ എം.എൽ.എ നിർവഹിക്കും. സിനിമാ താരങ്ങളായ ഉണ്ണിരാജ് ചെറുവത്തൂരും പി.പി കുഞ്ഞികൃഷ്ണനും മുഖ്യാതിഥികളാകും. ജില്ലാതല പൂക്കള മത്സരം ഇ.എം.എസ് ഓപ്പൺ ഓഡിറ്റോറിയത്തിൽ തിങ്കളാഴ്ച നടന്നു. ഇന്ന് സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി പെൻസിൽ ഡ്രോയിംഗ് മത്സരങ്ങൾ. വൈകുന്നേരം നാല് മണിക്ക് ചെറുവത്തൂർ പുതിയ പാർക്കിംഗ് ഗ്രൗണ്ടിൽ പുരുഷ, വനിതാ കമ്പവലി മത്സരം. മൂന്നിന് വൈകുന്നേരം 4.30 ന് ചെറുവത്തൂർ ടൗണിൽ സാംസ്‌കാരിക ഘോഷയാത്ര. മൂന്ന് മുതൽ ഏഴ് വരെ വൈകുന്നേരം 5 മണി മുതൽ കലാപരിപാടികൾ. ആറിന് പരവനടുക്കം ഓൾഡ് ഏജ് ഹോമിൽ സ്‌നേഹ സദ്യ. ചെറുവത്തൂർ മർച്ചന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ ദീപാലങ്കാരങ്ങൾ ഒരുക്കും. കലാപരിപാടികൾ: 3ന് ഭാരതനാട്യം, കുടുംബശ്രീ ജില്ലാമിഷൻ തനതു നാടൻ കലാപരിപാടി ഓണനിലാവ്, സംഗീത നിശ. 4ന് കൈകൊട്ടിക്കളി, ഒപ്പന, ചാക്ക്യാർ കൂത്ത്, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സജീവൻ അവതരിപ്പിക്കുന്ന ഗസൽ തേന്മഴ, ഉത്രാട സന്ധ്യ. 5ന് പൂരക്കളി, യക്ഷഗാനം, സംഗീത പരിപാടി. 6ന് ഉടുക്കുകൊട്ടിക്കളി, മോഹിനിയാട്ടം, ഫ്യൂഷൻ ഡാൻസ്, തോൽപ്പാവകൂത്ത്, കുരുക്ഷേത്ര ഡാൻസ് ഫിയസ്റ്റ. 7ന്
അലാമിക്കളി, ആട്ടവും പാട്ടും, സിനിമാറ്റിക് ഡാൻസ്, ഇല്ലം മ്യൂസിക് ബാന്റ്. വാർത്ത സമ്മേളനത്തിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള, ഡി.ടി.പി.സി സെക്രട്ടറി ജെ.കെ ജിജേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ ലക്ഷ്മി എന്നിവർ പങ്കെടുത്തു.