കാഞ്ഞങ്ങാട്: നഗരത്തിൽ ഓണത്തിരക്ക് പെരുകുമ്പോഴും ബസ് സ്റ്റാൻഡ് തുറക്കാത്തത് യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ഒരുപോലെ ദുരിതമായി. ബസ് സ്റ്റാൻഡ് യാർഡിൽ പ്രധാന ജോലികൾ ഒരാഴ്ച മുമ്പാണ് പൂർത്തീകരിച്ചത്. അതിനൊപ്പം തന്നെ ഇപ്പോൾ നടക്കുന്ന മിനുക്ക് പണികളും നടത്തിയിരുന്നെങ്കിൽ സ്റ്റാൻഡിന് പുറത്ത് നിർത്തിയിടുന്ന ബസുകൾ സ്റ്റാൻഡിലേക്ക് വരുമായിരുന്നു. സ്റ്റാൻഡിന് പുറത്ത് കഴിഞ്ഞ ഏതാനും മാസമായി തുടരുന്ന പ്രയാസം യാത്രക്കാർ ഇപ്പോഴും അനുഭവിക്കുന്നു. ഓണത്തിരക്ക് കൂടിയതോടെ ബസ് യാത്രക്കാരും പതിന്മടങ്ങ് വർദ്ധിച്ചിട്ടുണ്ട്.
കാഞ്ഞങ്ങാട് നഗരത്തിന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണ്. ഇത് ഓർത്ത് പലരും കാഞ്ഞങ്ങാട് നഗരത്തിലേക്ക് വരാൻ തന്നെ മടിക്കുകയാണ്. അത്രയ്ക്കും ഗതാഗതക്കുരുക്കാണ് ഓരോ ദിവസവും അനുഭവപ്പെടുന്നത്. സാധാരണ ഉത്സവ സീസണുകളിൽ കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗതക്കുരുക്കുകൾ എല്ലാവർക്കും അറിയാം. ഓണത്തിനും നബിദിനത്തിനുമായി ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കിയുള്ളത്. കാഞ്ഞങ്ങാട് നഗരത്തിൽ ഏറ്റവും കൂടുതൽ പൊതുജനങ്ങൾ വന്നു പോകുന്ന സമയമാണിത്.
ചെറിയ വാഹനങ്ങൾ നേരത്തെ കുന്നുമ്മൽ ശ്രീകൃഷ്ണ മന്ദിർ വഴിയാണ് പുതിയകോട്ടയിലേക്ക് പോയിക്കൊണ്ടി രുന്നത്. ഈ റോഡും നിർമ്മാണ പ്രവൃത്തികൾക്കായി അടച്ചിട്ടിട്ട് മാസങ്ങൾ കഴിഞ്ഞു. ഇതിന്റെ ജോലികളും പാതിവഴിയിലാണ്. ഗതാഗതക്കുരുക്കിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളുമാണ്.
വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഇല്ലാത്തത് കാരണം സ്വന്തമായി വാഹനമുള്ളവർ സാധനങ്ങൾ വാങ്ങാൻ മറ്റു പട്ടണങ്ങളെ ആശ്രയിക്കുകയാണെന്നാണ് വ്യാപാരികൾ ഉയർത്തുന്ന പരാതി. ഓണത്തിരക്കാകട്ടെ കോട്ടച്ചേരി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് മാത്രമാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
ഓണക്കച്ചവടം പടിക്കുപുറത്ത്
ഓണം പടിവാതിലിലെത്തിയെങ്കിലും പല വ്യാപാര സ്ഥാപനങ്ങളിലും കച്ചവടം നന്നേ കുറവാണ്. തുടരുന്ന മഴയാണ് ഇതിന് ഒരു കാരണം. വിഷു, പെരുന്നാൾ വിപണി കാഞ്ഞങ്ങാട്ടെ വ്യാപാരികളെ പ്രതികൂലമായി ബാധിച്ചു. ഇനി ഓണവും നബിദിനവും ഇങ്ങനെയായാൽ പിന്നീട് കട തുറക്കേണ്ടി വരില്ലെന്ന് വ്യാപാരികൾ പറയുന്നു. ഗതാഗതക്കുരുക്ക് കാരണം നഗരത്തിൽ ഓടുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർ ചെറിയ ഓട്ടങ്ങൾ പോയാൽ തിരിച്ച് തങ്ങളുടെ സ്റ്റാൻഡുകളിൽ തിരിച്ചെത്താൻ ഏറെ പ്രയാസമാണ് അനുഭവിക്കുന്നത്. നിർമ്മാണം പൂർത്തിയായ കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ ഇപ്പോൾ സ്വകാര്യ വാഹനങ്ങൾ കൈയടക്കിയിരിക്കുകയാണ്. പലഭാഗത്തും റോഡുകൾ നവീകരണത്തിന്റെ പേരിൽ അടിച്ചിട്ടിരിക്കുകയാണ്.