പയ്യന്നൂർ: വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണ്ണാഭരണം കാണാതായ സംഭവത്തിൽ പരാതിക്കാരിയുടെ സഹോദരനും, സഹോദരന്റെ സുഹൃത്തും അറസ്റ്റിൽ. രാമന്തളി എട്ടിക്കുളം മൊട്ടക്കുന്നിലെ മാട്ടൂക്കാരൻ ഹൗസിൽ സജിനയുടെ നാലേമുക്കാൽ പവൻ സ്വർണമാല കവർന്ന സംഭവത്തിലാണ് ഇവരുടെ സഹോദരൻ എം.സജീവ് (41), സജീവിന്റെ സുഹൃത്ത് കെ.വി. രാഗേന്ത് (39) എന്നിവരെ എസ്.ഐ , പി. യദുകൃഷ്ണൻ അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം 26 നും 31 നും ഇടയിൽ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച മൂന്നര ലക്ഷം രൂപ വില വരുന്ന സ്വർണമാല കളവു പോയതായി സജിന പൊലീസിൽ പരാതി നൽകിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ തന്നെ മോഷ്ടാവ് പുറത്തു നിന്നുള്ള ആളല്ലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സഹോദരനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തപ്പോൾ പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്റ് ചെയ്തു.