കണ്ണൂർ: നേതാക്കൾക്കെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ടതിന് കണ്ണൂർ പുതിയ തെരു മണ്ഡപത്തിൽ യുവമോർച്ച മുൻ മണ്ഡലം പ്രസിഡന്റിനെ ബി.ജെ.പി പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി. സൂരജ്, മാതാവ് സുജാത എന്നിവരെ മർദ്ദിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ വീട്ടിലെത്തിയ ആക്രമി സംഘം വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. വീട്ടിൽ ഇല്ലാതിരുന്ന സൂരജിനെ വിളിച്ചു വരുത്തി മർദ്ദിച്ചു. വീട്ടിന് നേരെ അക്രമം നടത്തുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് അമ്മ സുജാതയ്ക്ക് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം ബി.ജെ.പി ജില്ലാ നേതാക്കൾക്കെതിരെ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ടാണ് അക്രമമെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. ജഗൻ, ആദിക്ക് തുടങ്ങി 20 പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. മർദ്ദനമേറ്റ സൂരജ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.