പയ്യന്നൂർ: ശ്രീനാരായണ ഗുരുദേവ ജയന്തി ഏഴിന് പയ്യന്നൂരും പരിസരങ്ങളിലും വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഗുരുദേവ ശിഷ്യൻ സ്വാമി ആനന്ദതീർത്ഥൻ സ്ഥാപിച്ച ശ്രീനാരായണ വിദ്യാലയത്തിലും , എസ്.എൻ.ഡി.പി. പയ്യന്നൂർ യൂനിയന്റെയും വിവിധ ശാഖകളുടെയും നേതൃത്വത്തിലുമാണ് മുഖ്യമായും ആഘോഷ പരിപാടികൾ നടക്കുന്നത്. ശ്രീനാരായണ വിദ്യാലയത്തിൽ രാവിലെ 6.30 മുതൽ ഭജന, വിശേഷാൽ ഗുരുപൂജ, സമൂഹ പ്രാർത്ഥന, പുഷ്പാർച്ചന എന്നിവക്ക് ശേഷം നടക്കുന്ന ജയന്തി സമ്മേളനം അഡ്വ. സജീവ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ മുഖ്യ പ്രഭാഷണം നടത്തും. സ്വാമി ആനന്ദതീർത്ഥ ട്രസ്റ്റ് പ്രസിഡന്റ് ടി.വി.വസുമിത്രൻ എഞ്ചിനീയർ അദ്ധ്യക്ഷത വഹിക്കും. പ്രമുഖർ സംസാരിക്കും. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് വിവിധ സ്മാരക അവാർഡുകൾ വിതരണം ചെയ്യും.

എസ്.എൻ.ഡി.പി. യോഗം യൂനിയന് കീഴിൽ പയ്യന്നൂർ ശാഖയിൽ രാവിലെ 10 ന് പതാക ഉയർത്തും. തുടർന്ന് ഗുരുപൂജ, പ്രാർത്ഥന, പൊതു സമ്മേളനം, പായസം വിതരണം.

അന്നൂർ ശാഖയിൽ രാവിലെ 9.30 ന് പതാക ഉയർത്തൽ, ഗുരുസ്മരണ, തുടർന്ന് പ്രസിഡന്റ് പി.വി.വത്സന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ജയന്തി സമ്മേളനം തളിപ്പറമ്പ് എം.വി.ഐ , പി.സുധാകരൻ ഉൽഘാടനം ചെയ്ത് ഉപഹാര സമർപ്പണം നടത്തും. എം.കെ.രാമകൃഷ്ണൻ, പി.സി.പ്രതിഭ, പി.കൃഷ്ണൻ, കെ.വത്സരാജ് സംസാരിക്കും. പായസ വിതരണവും ഉണ്ടാകും. കുഞ്ഞിമംഗലം ശാഖ ജയന്തി ആഘോഷം എടാട്ട് തൃക്കൈ മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് നടക്കും. രാവിലെ 7 ന് ഗുരുപൂജ, പുഷ്പാർച്ചന, ദൈവദശകം കീർത്തനാലാപനം എന്നിവക്ക് ശേഷം ശാഖ പ്രസിഡന്റ് എം.വി.കുഞ്ഞമ്പു പതാക ഉയർത്തും. പയ്യന്നൂർ യൂനിയൻ വൈസ് ചെയർമാൻ എം.കെ.രാജീവന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം കെ.ജി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ശാഖ സെക്രട്ടറി പി.വി.രഘുത്തമൻ സ്വാഗതം പറയും. പായസ ദാനവും ഉണ്ടാകും.

വെങ്ങര ശാഖയിൽ രാവിലെ 6.30 ന് പതാക ഉയർത്തും. തുടർന്ന് ഗുരുപൂജ. വൈകീട്ട് 3 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം സാഹിത്യകാരൻ ടി.കെ.ഡി.മുഴുപ്പിലങ്ങാട് ഉദ്ഘാടനം ചെയ്യും. കെ.വി.ദാമോദരൻ സ്കോളർഷിപ്പുകൾ വിതരണം ചെയ്യും. പറവൂർ ശാഖയിൽ രാവിലെ 8 ന് പതാക ഉയർത്തൽ, പ്രാർത്ഥന , ഗുരുപൂജ , കലാ - കായിക മത്സരങ്ങൾ , ഉച്ചക്ക് അന്നദാനം , തുടർന്ന് വനിതാ സംഘത്തിന്റെ തിരുവാതിര കളി. 2.30 ന് പ്രസിഡന്റ് ടി.കെ.സുകുമാരന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനം കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കാർത്ത്യായണി ഉദ്ഘാടനം ചെയ്യും. ഡോ. എ.സി.സുന്ദിന്ദ്ര മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്തംഗം ഷംസീറ അലി, വിദ്യാഭ്യാസ പാരിതോഷികം വിതരണം ചെയ്യും. എസ്.എൻ.ഡി.പി. പയ്യന്നൂർ യൂനിയൻ കൺവീനർ എം.ജി.സാജു അനുമോദിക്കും. ടി.പി. ലീല, ഓമന ഗോപിനാഥ്, ഇ.ജി. സുകുമാരൻ , പി.രാജു, വാഴയിൽ ബാബു സംസാരിക്കും.

പാടിയോട്ട്ചാൽ ശാഖയിൽ രാവിലെ 6.30 ന് പ്രഭാതഭേരി, ഗുരുപൂജ, പതാക ഉയർത്തൽ, സമൂഹ പ്രാർത്ഥന, ദൈവദശകം ആലാപനം, കുടുംബ സംഗമം. ഉച്ചക്ക് അന്നദാനം , രണ്ട് മണിക്ക് ഘോഷയാത്ര, പൊതുസമ്മേളനം , സമ്മാനദാനം, പായസ വിതരണം .

പുഞ്ചക്കാട്, ചെറുതാഴം, അടുത്തില , കടന്നപ്പള്ളി , വെള്ളോറ , കക്കറ , പെരിങ്ങോം , പെരുവാമ്പ, പാടികൊച്ചി , ഏറ്റുകുടക്ക തുടങ്ങിയ ശാഖകളിൽ പതാക ഉയർത്തൽ, ഗുരുപൂജ , സമൂഹ പ്രാർത്ഥന, പൊതുസമ്മേളനം , പായസ വിതരണം തുടങ്ങിയ വിവിധ പരിപാടികൾ നടക്കും.