
കേളകം:കനത്ത മഴയെ തുടർന്ന് കേളകം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന കേളകം ഫെസ്റ്റിന്റെ 5,6,7 തീയതികളിൽ നടക്കേണ്ട അമ്യൂസ്മെന്റ്, സ്റ്റാൾ, ഫുഡ് കോർട്ട് ഒഴികെയുള്ള പരിപാടികൾ ഒഴിവാക്കാൻ ഇന്നലെ ചേർന്ന സംഘാടക സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. ആഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 7 വരെയായിരുന്നു പരിപാടി നിശ്ചയിക്കപ്പെട്ടത്. മഴ ശക്തിപ്പെട്ടതിനാൽ കലാപരിപാടികൾ അടക്കം തുടർന്നുകൊണ്ടു പോകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് നടക്കേണ്ടിയിരുന്ന സിംഫണി മ്യൂസിക് നൈറ്റ്, ആറാം തീയതി നടക്കേണ്ടിയിരുന്ന സ്കൂൾ കലോത്സവം, ഏഴാം തീയതി നടക്കേണ്ടിയിരുന്ന മെഗാ ദഫ്‌മുട്ട്, ഗാനമേള എന്നിവയാണ് ഒഴിവാക്കിയത്. സംഘാടക സമിതിയുടെ തീരുമാനവുമായി സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയർമാനുമായ സി ടി.അനീഷ് ആവശ്യപ്പെട്ടു.