തലശേരി: ഉത്രാട നാളിൽ തിരക്കിലമർന്ന് നഗരം. ജില്ലയിൽ കഴിഞ്ഞദിവസം രാത്രിയിലും ഇന്നലെയുമായി ഇടയ്ക്കിടെ പെയ്ത മഴ വലച്ചെങ്കിലും തിരുവോണത്തിനുളള പുത്തൻ വസ്ത്രങ്ങളും സദ്യയ്ക്കുമുള്ള വിഭവങ്ങളും വാങ്ങാനെത്തിയ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർക്ക് നഗരത്തിൽ നിന്നുതിരിയാനിടമില്ലായിരുന്നു.
ഇടവിട്ട് പെയ്യുന്ന മഴ കച്ചവടക്കാരെ ആണ് കൂടുതൽ വലച്ചത്.
പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് പൂക്കച്ചവടക്കാരും വഴിയോര വ്യാപാരികളും അടക്കമുള്ളവർ വലിയ ബുദ്ധിമുട്ടിലായി. മഴയിൽ കുതിർന്നതിനാൽ സാധനങ്ങൾ സംരക്ഷിക്കാനും വിൽപ്പന നടത്താനും കഴിയാതെ പലപ്പോഴും പ്രതിസന്ധിയിൽ ആയി ഇവർ.
തിരക്ക് നിയന്ത്രിക്കാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലിസ് സുരക്ഷയൊരുക്കിയത് ആശ്വാസമായി. പഴയ ബസ് സ്റ്റാൻഡിലും എ.വി.കെ നായർ റോഡിലുമാണ് ഓണത്തിരക്ക് കൂടുതൽ അനുഭവപ്പെട്ടത്. സി.എം.ടി കോർണർ മുതൽ ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ് വരെയുളള ഭാഗങ്ങളിൽ വഴിവാണിഭ കച്ചവടക്കാരിലാണ് ആളുകൾ അവസാനവട്ടം ഒഴുകിയെത്തിയത്. ജമന്തി, ചെട്ടിപ്പൂ, ഡാലിയ, അരളി, റോസ്, ചെണ്ടുമല്ലി, സൂര്യകാന്തി, തുടങ്ങി നാനാതരം പൂക്കളുമായി നാട്ടുകാരും ഇതരസംസ്ഥാനക്കാരും വഴിനീളെ അണിനിരന്നിരുന്നു.
കുഞ്ഞുടുപ്പ് മുതൽ ചുരിദാർ, മിഡി, ടോപ്പ് മാക്സി, ബെഡ്ഷീറ്റ്, സോഫ കവർ, മേശവിരി, ഷർട്ട്, മുണ്ട്, പാന്റ്സ് എന്നിവ തേടി വഴിയോര കച്ചവടക്കാരുടെ അടുത്താണ് ആളുകൾ കൂടുതലായും എത്തിയത്. തുണിക്കടകൾ, പാദരക്ഷ കടകൾ, പലവ്യഞ്ജനക്കടകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലെല്ലാം നല്ല തിരക്കനുഭവപ്പെട്ടു.