kps-
സൈനികൻ അരുൺ രാമകൃഷ്ണന്റെ ഭൗതിക ശരീരത്തിൽ എൽ ഡി എഫ് കൺവീനർ കെ പി സതീഷ് ചന്ദ്രൻ അന്തിമോപചാരം അർപ്പിക്കുന്നു

വെള്ളരിക്കുണ്ട്: ഡൽഹിയിൽ സൈനിക വകുപ്പിൽ ഹവിൽദാർ തസ്തികയിൽ ജോലി ചെയ്തു വന്നിരുന്ന അരുൺ രാമകൃഷ്ണന്റെ അകാലവേർപാട് തിരുവോണ ദിവസം മലയോരത്തെ കണ്ണീരിലാഴ്ത്തി.

തിരുവോണ ദിവസം ഉച്ചയ്ക്ക് ശേഷം പന്നിത്തടം, എ.കെ.ജി നഗറിൽ എത്തിച്ച മൃതദേഹത്തിൽ ആയിരക്കണക്കിന് ആളുകളും ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കളും അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് സൈനിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

2011 ലാണ് പന്നിത്തടത്തെ രാമകൃഷ്ണൻ തങ്കമണി ദമ്പതികളുടെ മൂത്തമകൻ അരുൺ രാമകൃഷ്ണൻ സൈനിക സർവീസിൽ പ്രവേശിച്ചത്. സിക്കിം, ഗോവ, ജമ്മു-കാശ്മിർ, പഞ്ചാബ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്തതിനുശേഷം നിലവിൽ ഡൽഹിയിൽ ജോലി ചെയ്തു വരികയായിരുന്നു. അടുത്ത ഒരു വർഷത്തിനിടയിൽ ജോലിയിൽനിന്ന് വിരമിക്കാൻ ഇരിക്കുകയായിരുന്നു. അതിനിടയിലാണ് ഐക്യരാഷ്ട്ര സഭയുടെ സമാധാനസേനയിലേക്ക് ഇന്ത്യയെ പ്രതിനിധീകരിച്ചുള്ള 12 പേരിൽ ഒന്നാം റാങ്കോടുകൂടി അരുൺ രാമകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടത്. സെപ്തംബർ 10ന് ഇവർ ഭൂട്ടാനിലേക്ക് പോകേണ്ട തയ്യാറെടുപ്പിലായിരുന്നു. അതിന്റെ ഭാഗമായുള്ള കായിക പരിശീലനം നടന്നു വരികയായിരുന്നു. 5 കിലോമീറ്റർ ദൈർഘ്യത്തിലുള്ള ഓട്ടത്തിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ഡൽഹിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാത ലക്ഷണത്തെ തുടർന്ന് ഒന്നാംഘട്ട സർജറി അടിയന്തരമായി നടത്തി. തുടർന്ന് രക്തസമ്മർദ്ദം കുറഞ്ഞതിന്റെ ഭാഗമായി സെപ്തംബർ 4 ന് പുലർച്ചെ 2 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

വെള്ളരിക്കുണ്ട് ബെവ്ക്കോ ജീവനക്കാരി ഭാര്യ ശരണ്യ മൂന്നുമാസത്തെ ലീവെടുത്ത് ഡൽഹിയിൽ അരുണിനോടൊപ്പം ഉണ്ടായിരുന്നു. അരുണിന്റെ മരണസമയത്തും ശരണ്യ കൂടെ ഉണ്ടായിരുന്നു. വിവരമറിഞ്ഞ് മരണത്തിന് തൊട്ടുമുമ്പായി അരുൺ രാമകൃഷ്ണന്റെയും ഭാര്യയുടേയും മാതാപിതാക്കളും കുടുംബാംഗങ്ങളും ആശുപത്രിയിലെത്തിയിരുന്നു.

അരുൺ രാമകൃഷ്ണന്റെ ഭൗതിക ശരീരത്തിൽ എൽ.ഡി.എഫ് കൺവീനർ കെ.പി. സതീഷ്ചന്ദ്രൻ അന്തിമോപചാരമർപ്പിക്കുന്നു