
കണ്ണൂർ:ഐ ലീഗിൽ ശ്രീനിധി ഡെക്കാന് വേണ്ടി ജഴ്സിയണിഞ്ഞ ഗോൾ കീപ്പർ സി.കെ ഉബൈദ് കേരള സൂപ്പർലീഗിൽ കണ്ണൂർ വാരിയേഴ്സ് ഫുട്‌ബോൾ ക്ലബിന്റെ ഗോൾവല കാക്കും. 2011 ൽ വിവ കേരളയിലൂടെ പ്രൊഫഷണൽ കരിയർ ആരംഭിച്ച ഉബൈദ് ഡെംപോ, എയർ ഇന്ത്യ, ഒ.എൻ.ജി.സി., എഫ്.സി. കേരള, ഈസ്റ്റ് ബംഗാൾ, ഗോകുലം കേരള എഫ്.സി തുടങ്ങിയ പ്രമുഖടീമുകൾക്ക് വേണ്ടിയും ബൂട്ടണിഞ്ഞ പ്രതിഭയാണ്.
ഇപ്പോഴത്തെ ഇന്ത്യൻ പരിശീലകൻ ഖാലിദ് ജമാൽ 2017ൽ ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായിരിക്കെയാണ് ഐ ലീഗ് സീസണിന്റെ രണ്ടാം പകുതിയിൽ ഉബൈദിനെ ടീമിൽ ഉൾപ്പെടുത്തിയത്. നേരത്തെ പലതവണ ഖാലിദ് ജമീൽ ഉബൈദിനെ ഈസ്റ്റ് ബംഗാളിലേക്കുള്ള ക്ഷണം നിരസിച്ച ഉബൈദ് തുടർന്നുള്ള ഈസ്റ്റ് ബംഗാളിന്റെ ഏഴ് മത്സരവും കളിച്ചു. ആ സീസണിൽ തന്നെ സൂപ്പർ കപ്പും കളിച്ച് ഈസ്റ്റ് ബംഗാളിനെ ഫൈനലിലെത്തിച്ചു. ഫൈനലിൽ പരാജയപ്പെട്ടെങ്കിലും സൂപ്പർ കപ്പിലെ മികച്ച ഗോൾ കീപ്പറായത് ഉബൈദായിരുന്നു.
ഗോകുലം എഫ്.സിയിലൂടെ 2019 ൽ കേരളത്തിലേക്ക് തിരിച്ചെത്തിയ ഉബൈദ് ആ സീസണിൽ ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ടൂർണമെന്റുകളിൽ ഒന്നായ ഡ്യൂറഡ് കപ്പ് കേരളത്തിലെത്തിച്ചു. സെമിയിൽ ഈസ്റ്റ് ബംഗാളിനെയും ഫൈനലിൽ മോഹൻ ബഗാനെയും തോൽപ്പിച്ചായിരുന്നു കിരീടനേട്ടം. സെമിയിൽ ഈസ്റ്റ് ബംഗാളിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഉബൈദാണ് ടീമിന്റെ രക്ഷകനായത്. ഗോകുലം ഐ ലീഗിൽ ആദ്യ കിരീടം നേടിയ 2020 -21 സീസണിൽ നിർണായകമായ പ്രകടനമായിരുന്നു ഇദ്ദേഹത്തിന്റെത്. ആ വർഷം ഐ ലീഗിലെ മികച്ച ഗോൾ കീപ്പറുമായി.
ശ്രീനിധി ഡെക്കാനിൽ 2021ലാണ് താരം എത്തിയത്. ഐ ലീഗിൽ രണ്ട് തവണ രണ്ടാം സ്ഥാനവും ഒരു തവണ മൂന്നാം സ്ഥാനവും ഈ ജഴ്സിയിൽ സ്വന്തമാക്കി. നാട്ടിലേക്ക് മടങ്ങിയെത്തണമെന്ന ഉബൈദിന്റെ ആഗ്രഹപൂർത്തീകരണമാണ് കണ്ണൂർ വാരിയേഴ്സിലൂടെ പൂവണിയുന്നത്. കേരളത്തിൽ ഐ.എസ്.എൽ മാതൃകയിൽ നടത്തുന്ന ടൂർണമെന്റ് വരും തലമുറയ്ക്ക് വലിയ അവസരമാണ് ഒരുക്കുന്നതെന്നും ഉബൈദ് പറഞ്ഞു.