
പയ്യന്നൂർ: കുളത്തിൽ വീണുപോയ വിലയേറിയ ഫോൺ പുറത്തെടുത്ത് അഗ്നിശമനസേന. സുഹൃത്തുകൾക്കൊപ്പം കുളിക്കാനായെത്തിയ കടന്നപ്പള്ളി സ്വദേശി പ്രണവിന്റെ ഐഫോണാണ് ചെറുതാഴം പെരുവയൽ പൊന്നൂരാൻ കുളത്തിൽ അബദ്ധത്തിൽ വീണ് പോയത്. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പയ്യന്നൂർ അഗ്നിരക്ഷാസേനയിലെ സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ എൻ. മുരളിയുടെ നേതൃത്വത്തിൽ സ്കൂബ ഡൈവിംഗ് ടീമിലെ എസ്.ജിഷ്ണു , അഖിൽ എ.വിശ്വൻ എന്നിവർ കുളത്തിൽ മുങ്ങിത്തപ്പിയാണ് ഫോൺ വീണ്ടെടുത്തത്.
വെള്ളത്തിൽ വീണിട്ടും പ്രവർത്തനക്ഷമമായ നിലയിലായിരുന്നു ഫോൺ. സേനാംഗങ്ങൾ ഫോൺ പ്രണവിന് കൈമാറി. ഫയർ റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) ജിനോ ജോണും സംഘത്തിൽ ഉണ്ടായിരുന്നു. കായലിലും കുളത്തിലും മറ്റും പോകുന്നവർ വിലപിടിപ്പുള്ള വസ്തുക്കൾ പുറത്ത് സൂക്ഷിച്ച് വെക്കുന്നത് ഉചിതമായിരിക്കുമെന്നാണ് ഓഫീസർ എൻ.മുരളി അഭിപ്രായപ്പെട്ടത്. ഇത്തരം വസ്തുക്കൾ വെള്ളത്തിൽ വീഴുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.