പഴയങ്ങാടി:അനുമതിയില്ലാതെ മാടായിപ്പാറ ദേവസ്വം ഭൂമിയിൽ പ്രകടനം നടത്തിയ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ നേതാവ് അഫ്ര ശിഹാബ് അടക്കമുള്ള 30 പ്രവർത്തകർക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു. തിരുവോണ ദിവസത്തിലാണ് ദേവസ്വം ഭൂമിയിൽ അനുമതിയില്ലാതെ പലസ്തീൻ അനുകൂല പ്രകടനം നടത്തിയത്.
ജമാഅത്ത് ഇസ്ലാമിയുടെ കീഴിലുള്ള സ്കൂളിന്റെയും സ്വകാര്യ വാഹനങ്ങളിലും എത്തിയാണ് ഇവർ ജൈവവൈവിധ്യങ്ങൾ ഉള്ള മാടായിപാറയിലൂടെ പ്രകടനം നടത്തിയത്. പബ്ലിക് ടെമ്പിൾ പ്രൊട്ടക്ഷൻ കമ്മിറ്റി സെക്രട്ടറി ടി.മുരളീധരൻ അടക്കമുള്ളവർ പഴയങ്ങാടി പൊലീസിൽ പരാതി നൽകിയിരുന്നു .എന്നാൽ സമൂഹത്തിൽ സ്പർദ്ധ ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ യാതൊരു അനുമതിയും ഇല്ലാതെ പരസ്ഥിതി പ്രാധാന്യമുള്ള മാടായിപ്പാറയിൽ വിവിധ കൊടികളും ബാനറുകളും ഉയർത്തി പലസ്തീൻ അനുകൂല മുദ്രാവാക്യം വിളിച്ചു പ്രകടനം നടത്തിയെന്നാണ് പൊലീസ് സ്വയം രജിസ്റ്റർ ചെയ്ത കേസിലുള്ളത്.
മാടായിപ്പാറ സംരക്ഷണ സമിതി അടക്കമുള്ള സംഘടനകളും പരാതിയുമായി മുന്നോട്ടു വന്നിട്ടുണ്ട്.പ്രതിഷേധത്തെ തുടർന്ന് ഇന്ന് വൈകീട്ട് മാടായിപ്പാറയിൽ ബി.ജെ.പി മാടായി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം പ്രഖ്യാപിച്ചിട്ടുണ്ട്.