പയ്യന്നൂർ: ശ്രീനാരായണ ഗുരുദേവ ജയന്തി പയ്യന്നൂരും പരിസരങ്ങളിലും വിപുലമായി ആഘോഷിച്ചു. ഗുരുദേവ ശിഷ്യൻ സ്വാമി ആനന്ദതീർത്ഥൻ സ്ഥാപിച്ച ശ്രീനാരായണ വിദ്യാലയത്തിൽ രാവിലെ ഭജന, വിശേഷാൽ ഗുരുപൂജ, സമൂഹ പ്രാർത്ഥന, പുഷ്പാർച്ചന എന്നിവക്ക് ശേഷം നടന്ന ജയന്തി സമ്മേളനം അഡ്വ.സജീവ് ജോസഫ് എം.എൽ.എ.ഉദ്ഘാടനം ചെയ്തു. ഗുരുദേവ സന്ദേശങ്ങൾക്ക് ഏറെ പ്രസക്തിയുള്ള ഇന്നത്തെ കാലഘട്ടത്തിൽ ഗുരു സ്മൃതികൾ സമൂഹത്തിന് വെളിച്ചം പകരുന്നതാന്നെന്ന് അദ്ദേഹം പറഞ്ഞു. കേരള സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ മുഖ്യ പ്രഭാഷണം നടത്തി. സ്വാമി ആനന്ദതീർത്ഥ ട്രസ്റ്റ് പ്രസിഡന്റ് ടി.വി.വസുമിത്രൻ എഞ്ചിനീയർ അദ്ധ്യക്ഷത വഹിച്ചു. പയ്യന്നൂർ കുഞ്ഞിരാമൻ, എം.ഗീതാനന്ദൻ, ആർ.ഉണ്ണി മാധവൻ, രഘു തായത്തുവയൽ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി കെ.പി.ദാമോദരൻ സ്വാഗതവും ട്രഷറർ കെ.കൃഷ്ണൻ നന്ദിയും പറഞ്ഞു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് വിവിധ സ്മാരക അവാർഡുകൾ വിതരണം ചെയ്തു. ഉച്ചക്ക് പ്രീതി ഭോജനവും ഉണ്ടായി.
എസ്.എൻ.ഡി.പി. യോഗം പയ്യന്നൂർ യൂനിയന് കീഴിലുള്ള വിവിധ ശാഖകളിൽ ഗുരു ജയന്തി ആഘോഷിച്ചു. കൊറ്റി, പുഞ്ചക്കാട്, പയ്യന്നൂർ ശാഖകൾ സംയുക്ത ആഘോഷം പയ്യന്നൂർ യൂനിയൻ ഓഫീസിൽ നടന്നു. ഗുരു പൂജക്ക് ശേഷം നടന്ന സമ്മേളനം മുതിർന്ന അംഗം കെ.പി.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ കൺവീനർ എം.ജി.സാജു മുഖ്യപ്രഭാഷണം നടത്തി. ജോ: കൺവീനർ എം.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പുരുഷോത്തമൻ, കളത്തേര പ്രഭാകരൻ, രാജൻ മഡയൻ, രമേശൻ കേളോത്ത് സംസാരിച്ചു. ജനാർദ്ദനൻ കുറുവാട്ടിൽ സ്വാഗതവും മനോഹരൻ നന്ദിയും പറഞ്ഞു. ക്ഷേത്ര പൂരക്കളി കലാ അക്കാഡമി ചെയർമാനായി തെരത്തെടുക്കപ്പെട്ട പിലാക്കാൽ അശോകനെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. അന്നൂർ ശാഖയിൽ രാവിലെ പതാക ഉയർത്തി. ഗുരുസ്മരണക്ക് ശേഷം പ്രസിഡന്റ് പി.വി.വത്സന്റെ അദ്ധ്യക്ഷതയിൽ നടന്ന ജയന്തി സമ്മേളനം തളിപ്പറമ്പ് എം.വി.ഐ പി.സുധാകരൻ ഉദ്ഘാടനം ചെയ്ത് ഉപഹാര സമർപ്പണം നടത്തി. എം.കെ.രാമകൃഷ്ണൻ, പി.സി.പ്രതിഭ, പി.കൃഷ്ണൻ, കെ.വത്സരാജ് സംസാരിച്ചു.
കുഞ്ഞിമംഗലം ശാഖ ജയന്തി ആഘോഷം എടാട്ട് തൃക്കൈ മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് നടന്നു. രാവിലെ ഗുരുപൂജ, പുഷ്പാർച്ചന, ദൈവദശകം കീർത്തനാലാപനം എന്നിവക്ക് ശേഷം ശാഖ പ്രസിഡന്റ് എം.വി.കുഞ്ഞമ്പു പതാക ഉയർത്തി. പയ്യന്നൂർ യൂനിയൻ വൈസ് ചെയർമാൻ എം.കെ.രാജീവന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം യൂനിയൻ കമ്മിറ്റി അംഗം മാടക്ക ബാബുരാജ് ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗങ്ങളായ എം.വി.കുഞ്ഞമ്പു, പി.വി.രഘൂത്തമൻ, പി.ഭാസ്‌കരൻ, എം.കെ.രാജൻ എന്നിവരെ ആദരിച്ചു. ശാഖ സെക്രട്ടറി പി.വി.രഘുത്തമൻ സ്വാഗതം പറഞ്ഞു. ചെറുതാഴം ശാഖയിൽ പതാക ഉയർത്തി. സമ്മേളനത്തിൽ പ്രസിഡന്റ് വി.പി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി.രാജൻ ഉദ്ഘാടനം ചെയ്ത് വിദ്യാർത്ഥികൾക്ക് സ്‌കോളർ ഷിപ്പുകൾ വിതരണം ചെയ്തു. ഡി.രവി, കണിയാൽ മധു, മണ്ട്യൻ ബാലകൃഷ്ണൻ സംസാരിച്ചു.
വെങ്ങര ശാഖയിൽ വൈകീട്ട് നടന്ന സാംസ്‌കാരിക സമ്മേളനം സാഹിത്യകാരൻ ടി.കെ.ഡി.മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു. യൂണിയൻ കമ്മിറ്റി അംഗം കെ.കുമാരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി.ദാമോദരൻ സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു. പരത്തി കുഞ്ഞികൃഷ്ണൻ, ഐ.വി.ദിനേശൻ സംസാരിച്ചു. സെക്രട്ടറി പണ്ണേരി കൃഷ്ണൻ സ്വാഗതവും എം.കെ. സതീഷ്‌കുമാർ നന്ദിയും പറഞ്ഞു. പാടിയോട്ട്ചാൽ ശാഖയിൽ രാവിലെ പ്രഭാതഭേരി, ഗുരുപൂജ, പതാക ഉയർത്തൽ, സമൂഹ പ്രാർത്ഥന, ദൈവദശകം ആലാപനം, കുടുംബ സംഗമം. ഉച്ചക്ക് അന്നദാനം തുടന്ന് ഘോഷയാത്ര, പൊതുസമ്മേളനം , സമ്മാനദാനം, പായസ വിതരണം നടന്നു. അടുത്തില, കടന്നപ്പള്ളി, വെള്ളോറ, കക്കറ, പെരിങ്ങോം, പെരുവാമ്പ, പാടികൊച്ചി, ഏറ്റുകുടക്ക തുടങ്ങിയ ശാഖകളിൽ പതാക ഉയർത്തൽ, ഗുരുപൂജ, സമൂഹ പ്രാർത്ഥന, പൊതുസമ്മേളനം, പായസ വിതരണം തുടങ്ങിയ വിവിധ ആഘോഷ പരിപാടികൾ നടന്നു.