ചെറുവത്തൂർ: ഓണാഘോഷത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ് ചെറുവത്തൂർ ഇ.എം.എസ്. ഓപ്പൺ ഓഡിറ്റോറിയത്തിൽ നടത്തിവന്ന ഓണവില്ല് ജില്ലാതല പരിപാടിക്ക് സമാപിച്ചു. സമാപന സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി രാഘവൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ സംസാരിച്ചു. ഡി.ടി.പി.സി സെക്രട്ടറി ജിജേഷ് കുമാർ സ്വാഗതവും അഞ്ജന ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. ഭരതനാട്യം, ആട്ടഗദ്ദേ, കൈകൊട്ടിക്കളി, ഒപ്പന, ചാക്യാർകൂത്ത്, ഗസൽ തേൻ മഴ, പൂരക്കളി, യക്ഷഗാനം, തോൽപ്പാവക്കൂത്ത് തുടങ്ങി ഇരുന്നൂറിലധികം കലാകാരന്മാർ 19 ഇനം വൈവിദ്ധ്യമാർന്ന കലാപരിപാടികളാണ് കാഴ്ചവെച്ചത്. ടൂറിസം വകുപ്പും ഡി.ടി.പി.സിയും ചേർന്നാണ് വൈവിദ്ധ്യപൂർണ്ണവും ആകർഷണീയവുമായ പരിപാടികൾ കൊണ്ട് ചെറുവത്തൂരിന്റെ സായാഹ്നം സമ്പന്നമാക്കിയത്.