
പഴയങ്ങാടി:തിരുവോണനാളിൽ മാടായിപ്പാറയിലെ ദേവസ്വം ഭൂമിയിൽ ജമാഅത്ത് ഇസ്ലാമിയുടെ പോഷക സംഘടനയായ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യം റാലിയിൽ പ്രതിഷേധിച്ച് ബി.ജെ.പി മാടായി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാടായിപ്പാറയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പഴയങ്ങാടി ബസ്റ്റാൻഡിൽ നിന്ന് പ്രതിഷേധ പ്രകടനമായി എത്തിയാണ് സംഗമം നടത്തിയത്. ബി.ജെ.പി കണ്ണൂർ ജില്ല നോർത്ത് മേഖല പ്രസിഡന്റ് കെ.കെ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ബിജെപി മാടായി മണ്ഡലം പ്രസിഡന്റ് സുജിത്ത് വടക്കൻ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.മുരളി, അരുൺ തേജസ്, സി നാരായണൻ, ബാലകൃഷ്ണൻ പനങ്കീൽ, എ.വി.സനൽ, ഗംഗാധരൻ കളീശ്വരം, രമേശൻ ചെങ്കുനി എന്നിവർ സംസാരിച്ചു.