
പാപ്പിനിശ്ശേരി: കടുത്ത അവഗണന നേരിടുന്ന പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനോട് അനുബന്ധിച്ചുള്ള ക്വാർട്ടേഴ്സുകൾ ഏതുനിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിൽ. തിരക്കേറിയ ചുങ്കം പാപ്പിനിശ്ശേരി റെയിൽവേ ഗേറ്റ് റോഡിലേക്ക് ഏതുനിമിഷവും വീഴാവുന്ന സ്ഥിതിയിലാണ് മിക്ക കെട്ടിടങ്ങളും. ചിലത് ഇതിനകം ഭാഗികമായി നിലംപൊത്തി കഴിഞ്ഞു.
സ്റ്റേഷന്റെ പ്രതാപ കാലത്ത് സ്ഥാപിച്ച വിവിധ കെട്ടിടങ്ങളാണ് കിഴക്ക് ഭാഗത്തെ റോഡരികിൽ ജീർണിച്ച് നിൽക്കുന്നത്. റെയിൽവേ ജീവനക്കാർക്ക് താമസിക്കാനായി നിർമ്മിച്ചവയാണിവ. സ്റ്റേഷനോടുള്ള അവഗണനയുടെ ഭാഗമായി റെയിൽവേ ജീവനക്കാരുടെ സേവനവും ഘട്ടംഘട്ടമായി പിൻവലിച്ചിരുന്നു. അറ്റകുറ്റ പണികൾ പോലുമില്ലാതെ താമസിക്കാൻ പറ്റാത്ത സ്ഥിതിയാലേക്ക് കെട്ടിടങ്ങൾ മാറുകയും ചെയ്തു. നൂറു കണക്കിന് വാഹനങ്ങൾ സദാ സമയവും കടന്നു പോകുന്ന തിരക്കേറിയ റോഡാണിത്. ചില കെട്ടിടത്തിന്റെ ഭാഗങ്ങൾ ഇതിനകം ഇടിഞ്ഞുവീണുകഴിഞ്ഞു. മറ്റുള്ളവ മേൽക്കൂരകൾ അടക്കം നശിച്ച് എത് നിമിഷവും വീഴാവുന്ന സ്ഥിതിയിലുമാണ്.
റെയിൽവേ കെട്ടിടങ്ങളിൽ ആൾത്താമസമില്ലാതായതോടെ പ്രദേശമാകെ കാടും കയറി.വൻതോതിൽ മാലിന്യം തള്ളുന്നതിനും ഈ സ്ഥലം ഉപയോഗിച്ചിരുന്നു. എന്നാൽ അടുത്ത കാലത്ത് മാലിന്യം തള്ളുന്നതിനെതിരെ കർശന നടപടി സ്വീകരിച്ചതോടെ ഈ നില മാറിയിട്ടുണ്ട്.
ഓർമ്മയിലുണ്ട് ആ പ്രതാപം
ഒട്ടേറെ വ്യവസായങ്ങളുടെ കേന്ദ്രമായിരുന്ന പാപ്പിനിശ്ശേരി 1980 വരെ തിരക്കേറിയ പ്രധാന സ്റ്റേഷനായിരുന്നു. വ്യവസായശാലകൾ പടിപടിയായി അടച്ചു പൂട്ടുകയും ദേശീയപാത വഴിമാറുകയും ചെയ്തതോടെയാണ് സ്ഥിതി മാറി. ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും മംഗ്ലൂരു ഭാഗത്തെ ആശുപത്രികളിലേക്ക് പോകുന്ന രോഗികളുമടക്കം നൂറുകണക്കിനാളുകൾ ഇന്നും ഈ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്. പാപ്പിനിശ്ശേരിയെ 2022 ഏപ്രിൽ 11 മുതൽ ഹാൾട്ട് സ്റ്റേഷനായി തരം താഴ്തിയിരുന്നു. തുടർന്ന് ടിക്കറ്റ് വിൽപ്പന ഏജന്റുമാർ മുഖാന്തിരമാണ് നടന്നുവരുന്നത്. ആദ്യം കരാറുകാരൻ പിൻവാങ്ങിയതിനെ തുടർന്ന് പുതിയ ഏജന്റിനെ നിയമിച്ചാണ് സ്റ്റേഷൻ പ്രവർത്തനം മുന്നോട്ടുപോകുന്നത്.