കണ്ണൂർ: താഴെചൊവ്വയ്ക്ക് സമീപം തെഴുക്കിലെപീടികയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ദേശീയപാതയിൽ ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് സംഭവം. മൂന്നുപേരുണ്ടായിരുന്ന ലോറിയിൽ സഹ ഡ്രൈവർ പാലക്കാട് സ്വദേശി അഖിലിന് നിസാര പരിക്കേറ്റു. ലോറിയിടിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രവും തുന്നൽ കടയും പൂർണമായി തകർന്നു. സമീപത്തെ സ്വകാര്യ ലാബിനും കേടുപാടുകൾ പറ്റി. ഗുജറാത്തിൽ നിന്ന് എറണാകുളത്തേക്ക് തുണി, പപ്പടം, പെയിന്റ് നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ബാരലുകൾ ഉൾപ്പെടെയുള്ള ചരക്കുകളുമായി പോവുകയായിരുന്ന ലോറിയിലെ ലോഡ് ചെരിഞ്ഞതിനെ തുടർന്നാണ് ലോറി നിയന്ത്രണം വിട്ടത്. അപകടത്തെ തുടർന്ന് ബസ് ഉൾപ്പെടെ വലിയ വാഹനങ്ങൾ താഴെ ചൊവ്വ റെയിൽവേ ഗേറ്റ് - കണ്ണൂർ സിറ്റി വഴി വഴി തിരിച്ചുവിട്ടു. അപകടത്തിൽപ്പെട്ട ലോറിയിൽ നിന്നും ചരക്കുകൾ മാറ്റി ഉച്ചക്ക് 1 മണിയോടെയാണ് ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചത്. ട്രാഫിക് പൊലീസ് ഗതാഗതം നിയന്ത്രിച്ചു.
അപകടത്തിൽ തകർന്ന ബസ് ഷെൽട്ടർ ഇതിനകം എട്ട് തവണയാണ് വിവിധ അപകടങ്ങളിലായി തകർന്നത്. രൂക്ഷമായ ഗതാഗത കുരുക്കിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ബസ് സ്റ്റോപ്പ് കുറച്ച് മുന്നോട്ട് മാറ്റിയിരുന്നുവെങ്കിലും ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റാൻ പോലും അധികൃതർ ഇതുവരെ തയ്യാറായില്ല. സ്ഥിരം അപകട മേഖലയായ ഇവിടെ പ്രദേശവാസികൾ ഉൾപ്പെടെ എട്ട് പേർക്ക് ഇതിനകം അപകടത്തിൽ ജീവഹാനിയും സംഭവിച്ചിട്ടുണ്ട്.
കുലുങ്ങാതെ
അധികൃതർ
സ്ഥിരം അപകട മേഖലയായ താഴെ ചൊവ്വ തെഴുക്കിൽ പീടിക ജംഗ്ഷനിൽ റോഡ് വീതികൂട്ടുന്നതിനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയാലക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുലർച്ചെയുണ്ടായ അപകടമായതിനാൽ വൻ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ. റോഡ് ഏറ്റവും വീതി കുറഞ്ഞ സ്ഥലത്തിന് സമീപത്തായി വിദ്യാലയം ഉൾപ്പെടെയുണ്ടായിട്ടും നടപ്പാത പോലുമില്ലാത്തത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് കാൽനട യാത്രപോലും ദുസ്സഹമാക്കുകയാണ്.