നീലേശ്വരം: പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ചെറുകിട വ്യവസായ സംരംഭം ആരംഭിക്കാനായി സ്ഥലം ലീസിന് നൽകാതെ ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നതായി ആരോപണം. ഇതിന് പിന്നിൽ ചില രാഷ്ട്രീയ ഇടപെടലുകളും ഉണ്ടെന്ന് ത്രിവേണി തീരം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് ഓഫ് ഇന്ത്യ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 8 വർഷം മുമ്പാണ് കരിന്തളം വില്ലേജിലെ ഒരു ഏക്കർ ചെങ്കൽപാറ പ്രദേശം ട്രസ്റ്റ് ചെറുകിട വ്യവസായ സംരംഭം ആരംഭിക്കുന്നതിനായി ലീസിനായി അനുവദിച്ചു കിട്ടാൻ അപേക്ഷ നൽകിയത്. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ലാൻഡ് റവന്യൂ കമ്മിഷണറും അനുകൂലമായ നിലപാട് കൈകൊണ്ടിട്ടും ചില സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഉദ്യോഗസ്ഥർ സ്ഥലം നൽകുന്നില്ലെന്നാണ് ട്രസ്റ്റ് ഭാരവാഹികളുടെ ആരോപണം. അപേക്ഷയുടെ അടിസ്ഥാനത്തിൽ ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിരുകൾ തിരിച്ചുവെക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ചെങ്കൽപ്പാറ ഉള്ള തരിശു ഭൂമിക്ക് വർഷത്തേക്ക് 63,000 രൂപയാണ് റവന്യൂ ഉദ്യോഗസ്ഥർ ലീസ് തുക നിശ്ചയിച്ചത്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന് ഭൂമി ലീസിനു നൽകുമ്പോൾ നിയമാനുസൃതം ഇളവു ലഭിക്കുന്നതിന് ആവശ്യമായ മുഴുവൻ രേഖകളും സമർപ്പിച്ചിട്ടുണ്ടെങ്കിലും അത് ലഭിക്കാതിരിക്കാൻ പല രേഖകളും പൂഴ്ത്തി വച്ചതായും ഇവർ പറയുന്നു. വാർത്താസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ സി.കെ.കരുണാകരൻ, രക്ഷാധികാരി പി.രത്നാകരൻ, സെക്രട്ടറി കെ.വി.കൃഷ്ണൻ, ഡയറക്ടർ കാർത്യായനി, എക്സിക്യൂട്ടീവ് കുഞ്ഞിക്കണ്ണൻ എന്നിവർ സംബന്ധിച്ചു.