കാസർകോട്: നിർമ്മാണ പ്രവൃത്തി പുരോഗമിക്കുന്ന ആരിക്കാടി ടോൾ ഗേറ്റിലേക്ക് കർമസമിതിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തി. എ.കെ.എം അഷ്രഫ് എം.എൽ.എയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. ടോൾഗേറ്റ് നിർമാണം നിർത്തിവെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് കർമസമിതി നേതാക്കൾ പറഞ്ഞു. ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിന് പേർ പ്രതിഷേധത്തിൽ അണിനിരന്നു. മാർച്ച് ടോൾഗേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. ടോൾ ഗേറ്റ് സംബന്ധിച്ച് ഹൈക്കോടതിയിൽ നിന്ന് അന്തിമ വിധി വരുന്നതുവരെ നിർമാണ പ്രവൃത്തി തുടങ്ങില്ലെന്നായിരുന്നു കമ്പനി അറിയിച്ചത്. എന്നാൽ കർമസമിതിയുടെ അപ്പീൽ പരിഗണിക്കാനിരിക്കെ നിർമാണ പ്രവൃത്തിയുമായി കമ്പനി മുന്നോട്ടുപോവുകയായിരുന്നു. ടോൾ ഗേറ്റ് നിർമാണവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളും കർമസമിതിയും നൽകിയ ഹർജി നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതേ തുടർന്ന് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുകയാണ്. ദേശീയപാത ചട്ടപ്രകാരം 60 കിലോ മീറ്റർ അകലെ നിർമിക്കേണ്ട ടോൾ ഗേറ്റ് 23 കിലോ മീറ്റർ പരിധിയിൽ നിർമിക്കുന്നതിനെതിരെയാണ് പ്രതിഷേധം.