കണ്ണൂർ: നാളുകളായുള്ള മഴയിൽ ജില്ലയിലെ പല റോഡുകളുടെയും സ്ഥിതി ദയനീയം. കുഴിയും ചെളിയും നിറഞ്ഞ് കാൽനട യാത്രക്കാർക്ക് പോലും ദുസ്സഹമാണ്. തദ്ദേശ, സംസ്ഥാന, ദേശീയ പാതകളെല്ലാം ഇതിൽ പെടുന്നു. വാഹനങ്ങൾ കുഴിയിൽ വീണ് പലയിടത്തും അപകടങ്ങളും പതിവായി. ഓണത്തോടനുബന്ധിച്ച് വൻഗതാഗത കുരുക്കിനും റോഡുകളുടെ ശോചനീയാവസ്ഥ കാരണമായി. റോഡിൽ വെള്ളം കെട്ടി നിൽക്കുന്നതും അശാസ്ത്രീയ നിർമ്മാണവുമാണ് കാരണമായി പറയുന്നത്.
തളിപ്പറമ്പ് - ഇരിട്ടി പാതയിൽ പലയിടത്തും കുഴികൾ ഉണ്ടായത് അന്തർ സംസ്ഥാന യാത്രക്കാരെയുൾപ്പെടെ വലക്കുന്നുണ്ട്. ഇരിക്കൂർ ടൗണിൽ കല്യാട് റോഡ് ജംഗ്ഷനിൽ രണ്ടു മീറ്ററോളം ദൂരത്തിൽ മെക്കാഡം ടാറിംഗ് ഇളകി കുഴികൾ ഉണ്ടായിട്ടുണ്ട്. കുഴികൾക്ക് ഒരടിയോളം താഴ്ചയുമുണ്ട്. ഇരുചക്ര വാഹന യാത്രക്കാർ പ്രദേശത്ത് അപകടത്തിൽ പെടുന്നത് പതിവാണെന്ന് പ്രാദേശവാസികൾ പറഞ്ഞു. പിലാത്തറ പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിലും കുഴികൾ നിരവധിയാണ്. താവം പാലത്തിലും പാപ്പിനിശ്ശേരി ഓവർബ്രിഡ്ജിലും കുഴികളുണ്ട്. പലതവണ കുഴി അടച്ചെങ്കിലും ഏതാനും ദിവസത്തിനകം പഴയപടിയാകുകയാണ്. മഴ മാറിയാലുടനെ റോഡിന്റെ പ്രവർത്തി ആരംഭിക്കുമെന്ന് എം.എൽ.എ മുന്നേ പറഞ്ഞിരുന്നു. ഇവിടെ അപകടങ്ങളും പതിവാണ്. മറ്റ് പല ഇടത്തും സ്ഥിതി സമാനമാണ്.
കെണിയൊരുക്കി മലയോര പാതകൾ
ജില്ലയിലെ മലയോര പാതകൾ മികച്ചതായിരുന്നു. എന്നാൽ മഴ വന്നതോടെ മുഖം മാറി. പാതകളിലെ കുഴികൾ അപകടങ്ങൾ വിളിച്ചു വരുത്തുന്നു. മണത്തണ അമ്പായത്തോട് പാതയിൽ കണിച്ചാർ ടൗണിൽ നിന്ന് 500 മീറ്റർ മാറി റോഡിന് നടുവിലാണ് കുഴിയുള്ളത്. പ്രദേശത്ത് വലിയ വളവുമാണ്. പാതയിൽ സമാനമായ കുഴികൾ വേറെയുമുണ്ട്. നന്നാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതർ ഇടപെടുന്നില്ലത്രെ. കൊട്ടിയൂർ ബോയ്സ് ടൗൺ ചുരവും പൂർണമായും തകർന്നു. ഇവിടെ കുഴിയിൽ ഇറങ്ങുന്ന വാഹനങ്ങൾ മറിയുമോ എന്ന ആശങ്ക പ്രദേശവാസികൾക്കുണ്ട്. വലിയ വാഹനങ്ങൾ കുഴിയിൽ കുടുങ്ങി ഗതാഗതം തടസ്സപ്പെടുന്നത് പതിവാണ്. കോടയിറങ്ങിയാൽ പിന്നെ യാത്ര തീരെ ദുസ്സഹമാണ്.
ചാവശ്ശേരിയിൽ ദുരിതയാത്ര
ചാവശ്ശേരി വെളിയമ്പ്രാ റോഡിന്റെ ശോചനീയാവസ്ഥ നിലവിൽ ഇരട്ടിയായി. പഴശ്ശി ഡാം, വെളിയമ്പ്ര, പെരിയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസ് സർവീസുള്ള റോഡാണിത്. റോഡിലെ കരിങ്കല്ല് ഇളകി സമീപത്തെ കടകളിലേക്ക് തെറിക്കുന്നതായും പറയുന്നു. തകർന്ന റോഡിൽ കുടിവെള്ളത്തിനായി പൈപ്പ് ഇടാൻ കുഴിയെടുക്കുകയും ചെയ്തിരുന്നു.
പയ്യന്നൂർ നഗരസഭയ്ക്ക് കീഴിലെ അന്നൂർ തായ്നേരി റോഡ് തകർന്നിട്ട് നാളുകളായി. സമീപത്തെ തന്നെ ബൈപ്പാസ് റോഡും പൂർണമായി തകർന്നിരിക്കുകയാണ്. നഗരസഭയുടെ മൂക്കിൻതുമ്പത്തായിട്ടും പരിഹാരം കാണുന്നില്ലെന്ന പരാതി രൂക്ഷമാണ്.