1
ലോകോത്തര മാതൃകയില്‍ കാസര്‍കോട് നിര്‍മിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് (ഐ.ഐ.പി.ഡി) സംരംഭം

നീലേശ്വരം: തിരുവനന്തപുരം ഡിഫറന്റ് ആർട്ട് സെന്ററിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരുടെ സമഗ്ര വികാസത്തിനായി ലോകോത്തര മാതൃകയിൽ മടിക്കൈയിൽ നിർമ്മിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസെബിലിറ്റീസ് സംരംഭത്തിന് നാളെ തുടക്കമാവും. രാവിലെ 10.30ന് മടിക്കൈ അടുക്കത്ത് പറമ്പിന് സമീപം 22 ഏക്കർ സ്ഥലത്ത് ഒരുങ്ങുന്ന പദ്ധതിയുടെ നിർമ്മാണോദ്ഘാടന ചടങ്ങിൽ ചലച്ചിത്ര സംവിധായകനും ഡിഫറന്റ് ആർട് സെന്റർ രക്ഷാധികാരിയുമായ അടൂർ ഗോപാലകൃഷ്ണൻ, സാഹിത്യകാരൻ ടി. പദ്മനാഭൻ, ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവർ പങ്കെടുക്കും. ഡി.എ.സി ചെയർമാനും മുൻ ചീഫ് സെക്രട്ടറിയുമായ ജിജി തോംസൺ അദ്ധ്യക്ഷത വഹിക്കും.

ട്രെയിനിംഗ് സെന്റർ, തെറാപ്പി സെന്ററുകൾ, ഏർളി ഇന്റർവെൻഷൻ സെന്ററുകൾ തുടങ്ങി എല്ലാ വിഭാഗങ്ങളും ഒരുമിക്കുന്ന ഒരു സെന്റർ കൂടിയാണിത്. അന്തർദ്ദേശീയ നിലവാരത്തിലുള്ള കലാകായിക പരിശീലന സംവിധാനങ്ങൾ, അത്യാധുനിക തെറാപ്പി സൗകര്യങ്ങൾ, പേഴ്സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് യൂണിറ്റുകൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, മെഡിക്കൽ സൗകര്യങ്ങൾ, ട്രെയിനിംഗ് സെന്ററുകൾ തുടങ്ങിയവ മടിക്കൈ ഐ.ഐ.പി.ഡിയിൽ ഉണ്ടാകും.

ഇന്ത്യയിലാദ്യമായാണ് ഇത്രയധികം വിഭാഗങ്ങൾ ഒരുമിച്ച് ചേരുന്ന സംരംഭം നടപ്പിലാകുന്നത്. എൻഡോസൾഫാൻ ദുരിതബാധിതരടക്കം ലോകമെമ്പാടുമുള്ള നിരവധി കുട്ടികൾക്ക് ആശ്രയമാകുന്ന തരത്തിലാണ് സെന്റർ നിർമിക്കുന്നത്.

100 കോടി രൂപയുടെ പദ്ധതി

100 കോടി രൂപയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. ആദ്യഘട്ടം 2026ൽ പൂർത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. 2029 ഓടുകൂടി പദ്ധതി പൂർണ്ണമായും പ്രവർത്തനസജ്ജമാകും. പദ്ധതി പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഭിന്നശേഷിക്കാർക്കുള്ള സ്ഥാപനമായി ഐ.ഐ.പി.ഡി മാറും. പ്രതിവർഷം 1000 ഭിന്നശേഷിക്കാർക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകുന്ന രീതിയിലാണ് ക്യാമ്പസ് ക്രമീകരിച്ചിരിക്കുന്നത്. ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കാർക്ക് സെന്ററിലെ സേവനങ്ങൾ ലഭിക്കും.