ramesh
എം.പി രമേഷ്

കണ്ണൂർ: വളപട്ടണം പാലത്തിന് മുകളിൽ നിന്ന ട്രെയിനിന്റെ യാത്ര അപകടമില്ലാതെ പുനരാരംഭിക്കാൻ ടിക്കറ്റ് പരിശോധകന്റെ സമയോചിത ഇടപെടൽ. യാത്രക്കാരൻ അപായ ചങ്ങല വലിച്ചതിനാലാണ് ട്രെയിൻ പാലത്തിൽ നിന്നത്.

കഴിഞ്ഞ ദിവസം പുലർച്ചെ 3.45 ന് തിരുവനന്തപുരം നോർത്ത് – മംഗളൂരു ഓണം സ്പെഷൽ ട്രെയിൻ വളപട്ടണം പുഴയ്ക്ക് മുകളിലെത്തിയപ്പോഴാണ് സംഭവം. ഉടനെ ടിക്കറ്റ് പരിശോധകനായ എം.പി രമേഷ് (39) കോച്ചുകൾക്ക് ഇടയിലൂടെ ഇറങ്ങി
പ്രഷർ വാൾവ് ക്രമീകരിച്ച് യാത്ര പുനരാരംഭിക്കുകയായിരുന്നു. പാലത്തിന് മുകളിലായതിനാൽ ഗാർഡിനും ലോക്കോ പൈലറ്റിനും ഇറങ്ങാൻ പറ്റാതാവുകയായിരുന്നു. ഉടനെ സാഹസികമായി രമേഷ് ജോലി ഏറ്റെടുത്തു. മൊബൈൽ വെളിച്ചത്തിന്റെ സഹായത്തോടെ കോച്ചുകൾക്കിടയിലെ വെസ്റ്റിബ്യൂൾ വഴിയാണ് ട്രെയിനിനടിയിലേക്ക് ഇറങ്ങിയത്. ലോക്കോ പൈലറ്റും ഗാർഡും നിർദ്ദേശങ്ങൾ നൽകി. എട്ടു മിനുട്ടിന് ശേഷം യാത്ര പുനരാരംഭിച്ചു. പാലത്തിന് മുകളിൽ കൂടുതൽ നേരം ട്രെയിൻ നിർത്തി ഇടുന്നത് അപകടത്തിന് കാരണമാകുമായിരുന്നു. ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയാൽ പ്രഷർ വാൾവ് ക്രമീകരിച്ചാൽ മാത്രമേ യാത്ര പുനരാരംഭിക്കാനാകൂ.

കണ്ണൂരിൽ ഇറങ്ങേണ്ടിയിരുന്ന എസ് വൺ കോച്ചിലെ യാത്രക്കാരനാണ് കണ്ണൂരിൽ ഇറങ്ങാൻ വിട്ട് പോയതിനെ തുടർന്ന് ചങ്ങല വലിച്ചത്. പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ മംഗളൂരു സ്ലീപ്പർ ഡിപ്പോയിലെ ട്രാവലിംഗ് ടിക്കറ്റ് ഇൻസ്‌പെക്ടറാണ് എം.പി രമേഷ്.