തളിപ്പറമ്പ്: കേരള സംഗീത നാടക അക്കാഡമി സംഘടിപ്പിക്കുന്ന 'ത്രിഭംഗി' ഉത്തരമേഖലാ ദേശീയ നൃത്തോത്സവം 13ന് വൈകന്നേരം അഞ്ചിന് തളിപ്പറമ്പ് കെ.കെ.എൻ. പരിയാരം ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സംഗീത നാടക അക്കാഡമി ചെയർപേഴ്സൺ മട്ടന്നൂർ ശങ്കരൻകുട്ടി അദ്ധ്യക്ഷനാകും. ഗുരുഗോപിനാഥ് നടനഗ്രാമം വൈസ് ചെയർപേഴ്സൺ ഡോ. രാജശ്രീ വാര്യർ വിശിഷ്ടാതിഥിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി, ചലച്ചിത്ര താരങ്ങളായ നിഖില വിമൽ, സന്തോഷ് കീഴാറ്റൂർ എന്നിവർ മുഖ്യാതിഥികളുമാകും. അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി ആമുഖഭാഷണം നടത്തും. 13,14 തീയതികളിലായി നടക്കുന്ന നൃത്തോത്സവത്തിൽ തിരഞ്ഞെടുക്കപ്പെട്ട നൃത്തപ്രതിഭകളുടെ അവതരണം, ശിൽപശാല എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. 14ന് രാത്രി 8.45 ന് പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിന്റെ ഭരതനാട്യത്തോടെ നൃത്തോത്സവം സമാപിക്കും.