കല്യാശ്ശേരി: പഞ്ചായത്തിലെ പാറക്കടവ് പട്ടികജാതി നഗറിന്റെ സമഗ്ര വികസനം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള മോണിറ്ററിംഗ് കമ്മിറ്റി രൂപീകരണ യോഗം എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പട്ടിക ജാതി വികസന ഓഫീസർ കെ മനോഹരൻ പദ്ധതി വിശദീകരിച്ചു.
സംസ്ഥാന സർക്കാർ നിർദേശ പ്രകാരം കോളനി എന്നത് മാറ്റുന്നതിന്റെ ഭാഗമായി പറക്കടവ് കോളനി എന്നത് മാറ്റി പാറക്കടവ് നഗർ എന്ന് പുനർനാമകരണത്തിന്റെ പ്രഖ്യാപനവും എം.എൽ.എ നിർവ്വഹിച്ചു. പാറക്കടവ് പട്ടികജാതി നഗറിന്റെ സമഗ്ര വികസനത്തിന് അംബേദ്ക്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. 25 ലധികം പട്ടികജാതി കുടുംബങ്ങളെങ്കിലും ഉളള ഗ്രാമങ്ങളെ എം.എൽ.എയുടെ ശുപാർശ പ്രകാരമാണ് പദ്ധതിക്കായി തെരഞ്ഞെടുക്കുന്നത്.
മോണിറ്ററിംഗ് കമ്മിറ്റി ചെയർമാനായി എം.വിജിൻ എം.എൽ.എ യും, കല്യാശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ കൺവീനറും, കല്യാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി ബാലകൃഷ്ണൻ, വാർഡ് അംഗം പുഷ്പ വല്ലി, നഗറിനെ പ്രതിനിധികളായി ടി.പവിത്രൻ, കെ.പുരുഷോത്തമൻ, സി.നാരായണി, എ.പുഷ്പ, കെ.വിവേക്, എം.എൽ.എ യുടെ പ്രതിനിധിയായി എം.സി റമീൽ മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിച്ചു. യോഗത്തിൽ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ പ്രീത എംപി സ്വാഗതം പറഞ്ഞു.
ടി.ടി ബാലകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.നിഷ, വാർഡ് അംഗം പുഷ്പവല്ലി, എം.സി.റമീൽ, ടി.അജയൻ സംസാരിച്ചു. സംസ്ഥാന സർക്കാർ എജൻസിയായ നിർമിതി മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.
അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും
റോഡ്, നടപ്പാതകളുടെ നിർമ്മാണം, തെരുവ് വിളക്കുകൾ സ്ഥാപിക്കൽ, കുളം നവീകരണവും സൗന്ദര്യ വത്കരണവും, മറ്റ് പൊതുവായ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, ശ്മശാന നവീകരണം ഉൾപ്പടെയുളള അടിസ്ഥാന സൗകര്യങ്ങളും പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി പ്രദേശവാസികളുടെ യോഗം വിളിച്ചു ചേർത്താണ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചത്. നിരവധി നിർദേശങ്ങളാണ് യോഗത്തിൽ ഉയർന്നുവന്നത്. ഇതിന്റെ ഭാഗമായി സമഗ്ര പദ്ധതി തയ്യാറാക്കി അംഗീകാരം വാങ്ങി പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തികരിക്കും.