കാഞ്ഞങ്ങാട്: യു.ഡി.എഫിനു മുൻതൂക്കമുള്ള കാഞ്ഞങ്ങാട് നഗരസഭയിൽ മൂന്നാം തവണയും ഭരണ തുടർച്ച ലക്ഷ്യമിട്ട് സി.പി.എം. ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചേക്കാവുന്ന മൂന്ന് പ്രമുഖർ മത്സരിക്കാനുള്ള സാദ്ധ്യതയാണ് തെളിയുന്നത്. പുനക്രമീകരണത്തെ തുടർന്ന് നാല് വാർഡുകൾ വർദ്ധിച്ചതോടെ നഗരസഭയിൽ വാർഡുകളുടെ എണ്ണം 47 ആയി. ചുരുങ്ങിയത് 24 വാർഡുകൾ സ്വന്തമാക്കാനാണ് സി.പി.എം കരുക്കൾ നീക്കുന്നത്. 20ാം വാർഡായ മോനാച്ച, 34 ാം വാർഡായ ഒഴിഞ്ഞവളപ്പ്, 37ാം വാർഡായ കല്ലൂരാവി, 42ാം വാർഡായ കാഞ്ഞങ്ങാട് കടപ്പുറം എന്നിവയാണ് അധികമായി വന്ന വാർഡുകൾ.
വർദ്ധിച്ച നാലു വാർഡുകളിൽ രണ്ടെണ്ണം ശക്തമായ മത്സരത്തിലൂടെ പിടിക്കാൻ കഴിയുമെന്നാണ് സി.പി.എമ്മിന്റെ കണക്ക് കൂട്ടൽ. രണ്ട് വാർഡ് യു.ഡി.എഫിന് നിർണായക സ്വാധീനം ഉള്ളവയാണ്. കാഞ്ഞങ്ങാട് വാർഡ് വിഭജനത്തിൽ കാര്യമായ എതിർപ്പുകളുയർന്നിരുന്നില്ല. മുൻ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പി.എ ആയിരുന്ന എം.രാഘവൻ, കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വ. കെ.രാജ് മോഹനൻ, പി.കെ നിശാന്ത് എന്നിവരാണ് എൽ.ഡി.എഫിന് തുടർഭരണം കിട്ടിയാൽ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കാവുന്നവരെന്നാണ് പറയുന്നത്. ഇർവക്കാർക്കും നേരത്തെ പാർലമെന്ററി പദവികളൊന്നും ഉണ്ടായിരുന്നില്ല. യു.ഡി.എഫിലെ അന്തച്ഛിദ്രമാണ് സി.പി.എമ്മിന് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും തുണയായി മാറിയത്.
ഇക്കുറി ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് എന്നാൽ യു.ഡി.എഫും തയ്യാറെടുക്കുന്നത്. നഗരസഭയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ യു.ഡി.എഫിനാണ് മേൽക്കൈ. കിഴക്കൻ മേഖലയിൽ ഇടതുമുന്നണിക്ക് മേൽക്കൈ ഉണ്ടെങ്കിലും വാർഡ് വിഭജനത്തിൽ നേരിയ തിരിച്ചടി വരാൻ ഇടയുണ്ട്. നഗര മധ്യം ഉൾപ്പെടെ ബി.ജെ.പിക്കും മേൽക്കൈയുള്ള വാർഡുകളുണ്ട്.
മുസ്ലിം ലീഗിനകത്തും കോൺഗ്രസിനകത്തും ഇപ്പോഴും പ്രതിസന്ധികൾ നിലനില്കുന്നതിനാലാണ് സി.പി.എം മൂന്നാം വട്ടവും ഭരണ തുടർച്ച പ്രതിക്ഷിക്കുന്നത്. 25 സീറ്റിൽ മത്സരിച്ച സി.പി.എം കഴിഞ്ഞ തവണ 19 സീറ്റാണ് നേടിയത്. സി.പി.ഐ, എൽ.ജെ.ഡി എന്നിവർ ഓരോ സീറ്റ് വീതവും ഐ.എൻ.എൽ മൂന്ന് സീറ്റുകളുമാണ് നേടിയത്. മുസ്ലിം ലീഗിന് 11 സീറ്റ് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. കോൺഗ്രസിന് രണ്ട് സീറ്റ് മാത്രം ലഭിച്ചു. ബി.ജെ.പി ആറ് സീറ്റിലാണ് വിജയിച്ചത്.
തന്ത്രങ്ങൾ എന്തായിരിക്കും
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും യു.ഡി.എഫിനെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താൻ ബി.ജെ.പി വോട്ടുകൾ മറിച്ചുവെന്ന് ആക്ഷേപം ഉയർന്നിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇത്തരത്തിൽ പരാജയപ്പെടുത്തിയെന്നായിരുന്നു ആക്ഷേപം. കോൺഗ്രസിലെ ഗ്രൂപ്പ് പോരും പരാജയത്തിന്റെ മറ്റൊരു ഘടകമായി മാറി. ഇത്തവണ ബി.ജെപി. എന്ത് തന്ത്രമാകും പയറ്റുക എന്ന് ഇരുമുന്നണികളും ഉറ്റുനോക്കുകയാണ്. പരമാവധി സീറ്റ് നേടാനുള്ള എന്ത് തന്ത്രമായിരിക്കുമെന്നത് സ്ഥാനാർത്ഥി നിർണയത്തോടു കൂടി മാത്രമേ വ്യക്തമാകുകയുള്ളൂ. മുൻപ് സി.പി.എം കാഞ്ഞങ്ങാട്ട് കോ.ലീ.ബി സഖ്യമെന്ന ആക്ഷേപമുന്നയിച്ചിരുന്നു.