police
നിലവിൽ നീലേശ്വരം പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടം

നീലേശ്വരം: ജില്ലയിലെ ഏറ്റവും പഴക്കമേറിയ നീലേശ്വരം പൊലീസ് സ്റ്റേഷന്റെ പഴയ കെട്ടിടം പൊളിച്ചു മാറ്റിയിട്ട് ഒരുവർഷം തികയുമ്പോഴും പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ പോലും ആരംഭിച്ചിട്ടില്ല.

1975ൽ അന്നത്തെ ആഭ്യന്തര മന്ത്രി കെ. കരുണകരൻ ഉദ്ഘാടനം ചെയ്ത പൊലീസ് സ്റ്റേഷൻ കെട്ടിടം അൺഫിറ്റാണെന്ന് പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയതോടെയാണ് പൊളിച്ചു മാറ്റിയത്. അതിനുശേഷം പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ഓഫീസ് പ്രവർത്തിക്കുന്ന ചെറിയ കെട്ടിടത്തിലേക്ക് മാറ്റി. എന്നാൽ നിന്നു തിരിയാൻ പോലും ഇടമില്ലാത്ത ഈ കെട്ടിടത്തിൽ ഞെങ്ങിഞെരുങ്ങിയാണ് സ്റ്റേഷൻ പ്രവർത്തനം.

പ്രമാദമായ കേസുകൾ തെളിയിക്കുമ്പോൾ അറസ്റ്റുചെയ്യുന്ന പ്രതികളെ പാർപ്പിക്കാൻ ലോക്കപ്പ് ഇല്ലാത്തതും പൊലിസുകാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. ഇവിടെ ലോക്കപ്പില്ലാത്തതിനാൽ അറസ്റ്റുചെയ്യുന്ന പ്രതികളെ കാഞ്ഞങ്ങാട് സ്റ്റേഷനിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇത് പൊലീസുകാർക്ക് ജോലി ഭാരം കൂട്ടുകയും ചെയ്യുന്നു.

പൊലീസുകാരും പ്രതികളും പരാതിക്കാരും ഒക്കെയായി നിന്നുതിരിയാൻ പോലും ബുദ്ധിമുട്ടുന്ന നീലേശ്വരം പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്നാണ് പൊലിസുകാരുടെയും നാട്ടുകാരുടെയും ആവശ്യം.

പുതിയ കെട്ടിടത്തിനായി

3 കോടി വകയിരുത്തിയിട്ടും...

വനിത പൊലീസുകാരടക്കം 42 പൊലീസുകാരാണ് ഇവിടെയുള്ളത്. പുതിയ പൊലിസ് സ്റ്റേഷൻ പണിയാൻ മൂന്നു കോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും തുക ഇതുവരെ അനുവദിച്ചിട്ടില്ല. അതേസമയം കണ്ണൂർ ജില്ലയിലെ പഴയങ്ങാടി പൊലിസ് സ്റ്റേഷന് കെട്ടിടം പണിയാൻ മൂന്ന് കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും മറ്റൊരു പദ്ധതിയിലൂടെ പഴയങ്ങാടി പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിച്ചതിനാൽ ആ ഫണ്ട് നീലേശ്വരം പൊലീസ് സ്റ്റേഷൻ നിർമ്മാണത്തിന് നൽകാൻ അനുമതിയായിരുന്നുവെങ്കിലും തുടർ നടപടികളൊന്നും നടന്നിട്ടില്ല.

നിലവിൽ നീലേശ്വരം പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടം