maram
കോപ്പാലം മേഖലയിൽ റോഡിനിരുവശങ്ങളിലുമുള്ള കൂറ്റൻ മരങ്ങൾ മുറിച്ചുമാറ്റുന്ന പ്രവൃത്തി

 കോപ്പാലത്ത് മരങ്ങൾ മുറിച്ചുമാറ്റി തുടങ്ങി

തലശ്ശേരി: തിരുവങ്ങാട്–മണവാട്ടി ജംഗ്ഷൻ–കോപ്പാലം–ചമ്പാട് റോഡ് 13.6 മീറ്റർ വീതിയിൽ നവീകരിക്കുന്ന പദ്ധതിയുടെ പ്രവൃത്തികൾ വേഗത്തിലാകുന്നു. ഇതിന്റെ ഭാഗമായി കോപ്പാലം മേഖലയിൽ റോഡിനിരുവശങ്ങളിലുമുള്ള കൂറ്റൻ മരങ്ങൾ മുറിച്ചുമാറ്റുന്ന നടപടികൾ ആരംഭിച്ചു.

റോഡ് പണിയോട് അനുബന്ധിച്ച് സ്പീക്കർ അഡ്വ. എ.എൻ ഷംസീറിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥ സംഘം നേരത്തെ സ്ഥലപരിശോധന നടത്തി ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
സ്പീക്കറുടെ അഭ്യർത്ഥന മാനിച്ച് സർവ്വേ ഉദ്യോഗസ്ഥരായി ആറുപേരെ നിയോഗിച്ചുകൊണ്ട് റോഡ് നവീകരണ പ്രവൃത്തിക്ക് വേഗം കൂട്ടിയിരുന്നു.

കേരള റോഡ് ഫണ്ട് ബോർഡിന്റെ (കെ.ആർ.എഫ്.ബി) കീഴിൽ 68.6 കോടി രൂപ ചെലവിലാണ് റോഡ് നവീകരണം നടപ്പാക്കുന്നത്. റോഡിന്റെ ഇരുഭാഗത്തും സ്ഥലം വിട്ടുകൊടുക്കേണ്ടി വരുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികളും ഉടൻ ആരംഭിക്കും.

സ്പീക്കർക്കൊപ്പം തന്നെ കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എൻജിനീയർ സുനിൽ കൊയിലേരിയൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സുജിത്ത്, അസിസ്റ്റന്റ് എൻജിനീയർ അഭിലാഷ്, തലശ്ശേരി സ്‌പെഷ്യൽ തഹസിൽദാർ ശ്രീലേഖ എന്നിവരും റോഡ് നവീകരണ പ്രവൃത്തി വിലയിരുത്തുന്നുണ്ട്.