കണ്ണൂർ: മട്ടന്നൂർ സ്വദേശിയായ ഡോക്ടറിൽ നിന്നും 4.43 കോടി രൂപ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ എറണാകുളം വെസ്റ്റ് വെങ്ങോല സ്വദേശി ഇലഞ്ഞിക്കാട്ട് ഹൗസിൽ സൈനുൽ ആബിദിനെ (43) യാണ് കണ്ണൂർ സൈബർ സ്റ്റേഷൻ ഇൻസ്‌പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നിർദേശാനുസരണം സൈബർ ക്രൈം പൊലീസ് കൊച്ചിയിൽ വച്ച് അറസ്റ്റു ചെയ്തത്.
വാട്സ് ആപ്പിലൂടെയാണ് പ്രതികൾ ഡോക്ടറെ ബന്ധപ്പെടുന്നത്. വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിക്കുകയായിരുന്നു. എറണാകുളം അറക്കപ്പടിയിലെ റിയാസ് (41), തമിഴ്നാട് കാഞ്ചിപുരത്തെ മഹബുബാഷ ഫാറൂഖ് (39) എന്നിവർ നേരത്തെ ചെന്നൈയിൽ വച്ച് പിടിയിലായിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈനുൽ ആബിദിൻ പിടിയിലായത്. പ്രതി ഫോൺ ഉപയോഗിക്കാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളി ഉയർത്തിയിരുന്നു.
ഒന്നിലധികം തവണ അന്വേഷണ സംഘം എറണാകുളത്ത് പ്രതിയുടെ വീട്ടിൽ എത്തിയെങ്കിലും ഇയാൾ കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. വിദേശത്തുൾപ്പെടെയുള്ള മറ്റ് ചിലർ കൂടി കേസിൽ പിടിയിലാകാനുണ്ട്. ഡി.ഐ.ജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ സിറ്റി പൊലീസ് കമ്മിഷണർ നിധിൻരാജ്, അഡീ. എസ്.പി സജേഷ് വാഴാളപ്പിൽ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.ടി. ജേക്കബ്, സൈബർ ക്രൈം പൊലീസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്. എസ്.ഐ ടി.പി. പ്രജീഷ്, എ.എസ്.ഐ വി.വി.പ്രകാശൻ, എസ്.സി.പി.ഒ സി.ജിതിൻ, സി.പി.ഒ കെ. സുനിൽ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
അതേസമയം അറസ്റ്റിലായ റിയാസ്, മഹബുബാഷ ഫാറൂഖ് എന്നിവർ നല്കിയ ജാമ്യഹർജി തലശ്ശേരി ജില്ലാ സെഷൻസ് ജഡ്ജി കെ.ടി നിസാർ അഹമ്മദ് ഇന്നലെ തള്ളി.