makoottam
മാക്കൂട്ടം പെരുമ്പാടി ചുരം റോഡിൽ നിർത്തിവച്ചിരുന്ന നിർമ്മാണ പ്രവൃത്തികൾ കഴിഞ്ഞ ദിവസം പുനരാംഭിച്ചപ്പോൾ

ഇരിട്ടി: തലശ്ശേരി - മൈസൂരു അന്തർസംസ്ഥാന പാതയുടെ ഭാഗമായ മാക്കൂട്ടം പെരുമ്പാടി ചുരം റോഡിൽ മഴ കാരണം നിർത്തിവച്ചിരുന്ന പ്രവൃത്തികൾ പുനരാരംഭിച്ചു. കർണാടക അതിർത്തിയായ കൂട്ടുപുഴ പാലം മുതൽ മാക്കൂട്ടം 1.300 കിലോമീറ്റർ ആദ്യ റീച്ചിലെ പണികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. മഴ ആരംഭിക്കുന്നതിന് മുൻപ് പുനർനിർമ്മാണത്തിന്റെ ഭാഗമായി പൊളിച്ച റോഡിൽ പ്രവൃത്തികൾ പൂർത്തിയാക്കുന്നതിന് മുൻപ് മഴ ആരംഭിച്ചിരുന്നു . ഇതോടെ നിർമ്മാണം നിലച്ച് റോഡ് പൂർണ്ണമായും കുണ്ടും കുഴിയുമായി യാത്രാ ദുരിതത്തിൽ ആയിരുന്നു . മഴക്ക് ശമനം വന്നതോടെ ആദ്യഘട്ടം എന്ന നിലയിൽ റോഡിലെ കുഴികൾ അടയ്ക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചിരിക്കുന്നത് .

1.300 ആദ്യ റീച്ചിന് 2.8 കോടി രൂപ ചെലവിൽ മെക്കാഡം ടാറിംഗ് നടത്താനാണ് കരാർ നൽകിയിരുന്നത് . മഴ എത്തിയതോടെ തുടങ്ങിയ പ്രവൃത്തി കരാറുകാരൻ പാതിവഴിയിൽ നിർത്തി . ഇതോടെ ഇതുവഴിയുള്ള യാത്ര അതീവ ദുർഘദമായി. വാഹന ഗതാഗതയോഗ്യമാക്കുന്ന വിധം ഉള്ള പണികളാണ് ഇപ്പോൾ നടക്കുന്നത് . മഴ ഭീഷണി പൂർണ്ണമായും ഒഴിവായാൽ ടാറിംഗ് നടത്തും. അതുവരെ അറ്റകുറ്റപ്പണി തുടരും.

മഴയെ തുടർന്ന് നിർത്തിവച്ചിരുന്ന പെരുമ്പാടിയിൽ നിന്നുള്ള 2.3 കിലോമീറ്റർ ദൂരവും രണ്ടാം റീച്ചിലും പ്രവൃത്തി ആരംഭിച്ചു . മഴയിൽ പൂർണ്ണമായും തകർന്ന റോഡിലെ കുഴികൾ അടയ്ക്കുന്ന പ്രവൃത്തിയാണ് ഇവിടെയും തുടരുന്നത് . 5.5 കോടി രൂപയുടെ നവീകരണ പ്രവൃത്തിയാണ് പൂർത്തിയാക്കാനുള്ളത് .

അപകട മുന്നറിയിപ്പും ഒരുക്കി

ചുരം റോഡിൽ അപകട സാദ്ധ്യത കൂടുതലുള്ള കൊല്ലികളും വളവുകളും ഉള്ള ഭാഗങ്ങളിൽ റോഡരികുകളിൽ മണൽച്ചാക്ക് അടുക്കി വാഹനങ്ങൾക്ക് അപകട മുന്നറിയിപ്പും ഒരുക്കിയിട്ടുണ്ട്. ചുരത്തിന്റെ അവശേഷിക്കുന്ന ദൂരം കേന്ദ്ര ഫണ്ട് ഉപയോഗിച്ച് രണ്ടു കിലോമീറ്റർ പുനർനിർമ്മാണം പൂർത്തിയാക്കിയിരുന്നു. ബാക്കി ദൂരം മഴക്ക് മുൻപേ അറ്റകുറ്റ പണികളും പൂർത്തിയാക്കിയിരുന്നു .