ചെറുവത്തൂർ: ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ വിസ്തൃതിയുള്ള പുതിയ അണ്ടർ പാസേജ് നിർമ്മിക്കേണ്ട സ്ഥലം കാസർകോട് എൻ.എച്ച് ഡെപ്യൂട്ടി കളക്ടർ (എൽ.എ) റമീസ് രാജ്, എൽ.എ തഹസിൽദാർ കെ. വി ശശികുമാർ എന്നിവർ സന്ദർശിച്ചു വിവരങ്ങൾ ശേഖരിച്ചു. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീളയുടെ നേതൃത്വത്തിൽ ജനകീയ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ കാസർകോട് ജില്ലാ കളക്ടർ കെ. ഇമ്പശേഖരനെ കണ്ട് നിവേദനം നൽകിയതിനെ തുടർന്ന് കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് സന്ദർശനം. ഡെപ്യൂട്ടി കളക്ടർ വിശദമായ റിപ്പോർട്ട് കളക്ടർക്ക് സമർപ്പിക്കും.
സ്റ്റേഷൻ റോഡിൽ അണ്ടർപാസേജ് നിർമ്മിക്കണമെന്ന നിവേദനത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയ എൽ.എ ഡെപ്യൂട്ടി കളക്ടർക്ക് കാര്യങ്ങളെല്ലാം കൃത്യമായി ബോധ്യപ്പെട്ടു. അണ്ടർ പാസേജ് ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം, അതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം, ബസ് സ്റ്റാൻഡിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള ദൂരം, ഇരുഭാഗത്തുമുള്ള സ്ഥാപനങ്ങൾ, തൊഴിൽ കേന്ദ്രങ്ങൾ, കുടുംബങ്ങളുടെ എണ്ണം, യാത്രാപ്രശ്നം അനുഭവിക്കേണ്ടിവരുന്ന കിടപ്പുരോഗികൾ, റെയിൽവെ സ്റ്റേഷന് സമീപം അഞ്ചു കോടി ചിലവിൽ പഞ്ചായത്ത് മിനി സിവിൽ സ്റ്റേഷൻ സ്ഥാപിച്ചാൽ ആവശ്യമായി വരുന്ന സൗകര്യങ്ങൾ, വിസ്തൃതിയുള്ള അണ്ടർ പാസേജിന് പകരം 'കാറ്റിൽ ബോക്സ്' മാത്രം ഉണ്ടായാൽ സമീപ പഞ്ചായത്തുകളിൽ നിന്ന് അടക്കം വരുന്ന യാത്രക്കാർക്ക് നേരിടേണ്ടിവരുന്ന പ്രയാസങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ ചോദിച്ചറിഞ്ഞു. വിശദമായ പോസിറ്റീവ് റിപ്പോർട്ടായിരിക്കും ജില്ലാ കളക്ടർക്ക് കൈമാറുക.
കർമ്മ സമിതി ഭാരവാഹികളായ ചെയർപേഴ്സൺ സി.വി പ്രമീള , ജനറൽ കൺവീനർ മുകേഷ് ബാലകൃഷ്ണൻ, ജോയിന്റ് കൺവീനർമാരായ ടി. രാജൻ, സി.വി രാജൻ, വൈസ് ചെയർമാന്മാരായ കെ.കെ. കുമാരൻ, ഉദിനൂർ സുകുമാരൻ, പി.വി രഘുത്തമൻ, എം. അമ്പുജാക്ഷൻ, ട്രഷറർ സി. രഞ്ജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി രാഘവൻ, അംഗങ്ങളായ പി. പദ്മിനി, സി.വി ഗിരീശൻ, എ.വി ദാമോദരൻ, ജാബിർ, സുരാജ് മയിച്ച, സനിഷ നിഷാന്ത് , പ്രവീൺ പ്രകാശ്, കെ.സി സതീശൻ, കെ.സി ഗിരീശൻ, സന്ദീപ് മുണ്ടക്കണ്ടം തുടങ്ങിയവർ സംബന്ധിച്ചു.
മണ്ണിടുന്നതിൽ പ്രതിഷേധം, തടയണമെന്ന് ആവശ്യം
ജനകീയ ആക്ഷൻ കമ്മിറ്റി സമരം ശക്തമാക്കിയതിനു പിന്നാലെ അണ്ടർ പാസേജ് നിർമ്മാണ സ്ഥലത്തിന് ചുറ്റും മണ്ണിട്ട് നികത്താൻ ശ്രമിച്ചത് പ്രതിഷേധത്തിന് ഇടയാക്കി. പടന്ന മടക്കര റോഡിലെ 24 മീറ്റർ ഉയരത്തിൽ പണിയുന്ന ഓവർ ബ്രിഡ്ജിന്റെ ഉയരത്തിൽ മറ്റൊരു സ്ഥലത്തും മണ്ണിട്ട് ഉയർത്തുന്നതിൽ ആക്ഷേപമില്ലെന്നും അണ്ടർ പാസേജിന് വേണ്ട സ്ഥലത്ത് മണ്ണിടുന്നത് തടയണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ അവിടെ ബാനർ സ്ഥാപിക്കുകയും ചെയ്തു. ഡെപ്യൂട്ടി കളക്ടർ റമീസ് രാജ്, സ്ഥലത്ത് ഉണ്ടായിരുന്ന മേഘ കമ്പനിയുടെ മാനേജർ സുനിൽകുമാറിനെ വിളിച്ചുവരുത്തി ഇക്കാര്യം അറിയിക്കുകയും ചെയ്തു.