കണ്ണൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള 2023 24 ലെ ആർദ്ര കേരളം പുരസ്‌കാരത്തിൽ മികച്ച മൂന്നാമത്തെ ജില്ലാ പഞ്ചായത്തായി കണ്ണൂർ ജില്ലാ പഞ്ചായത്തിനെ മാറ്റിയത് ആരോഗ്യ, ശുചിത്വ, ജലസംരക്ഷണ മേഖലകളിൽ നടത്തിയ മികച്ച പ്രവർത്തനങ്ങളും നൂതന ഇടപെടലുകളും. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ജില്ലാ ആശുപത്രി, ജില്ലാ ഹോമിയോ ആശുപത്രി, ജില്ലാ ആയുർവേദ ആശുപത്രി എന്നിവയുടെ നവീകരണത്തിനും ആധുനിക വൽക്കരണത്തിനും പഞ്ചായത്ത് ഫണ്ടിന് പുറമേ സി.എസ്.ആർ ഫണ്ടുകൾ കൂടി ലഭ്യമാക്കി നടത്തിയ വികസന പ്രവർത്തനങ്ങൾ അവാർഡ് നേടിയെടുക്കുന്നതിൽ പ്രധാന ഘടകമായി.
ജില്ലാ ആശുപത്രിയിലെ അമ്മയും കുഞ്ഞും ബ്ലോക്ക്, സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, ജില്ലാ ഹോമിയോ ആയുർവേദ ആശുപത്രികളിലെ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകൾ എന്നിവയുടെ പ്രവർത്തന മികവ് പുരസ്‌കാരത്തിൽ നിർണായകമായി. അതോടൊപ്പം സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ, ക്ഷയരോഗ ബാധിതർക്കുള്ള പോഷകാഹാരം കിറ്റ് വിതരണം, കണ്ണൂർ ഫൈറ്റ് കാൻസർ പദ്ധതി, ജില്ലാ ആശുപത്രിയിലെ കൃത്രിമ അവയവ വിതരണ പദ്ധതി തുടങ്ങിയ നൂതന പദ്ധതികൾ ആരോഗ്യ മേഖലയിൽ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കി.
കടൽത്തീരങ്ങളിലെ മാലിന്യ സംസ്‌കരണത്തിനായി ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി, ശുചിത്വ ബോധവൽക്കരണ സന്ദേശ യാത്ര മുതലായവയും ജലം സുലഭം, ജല പരിശോധന ലാബ് തുടങ്ങിയ ജല സംരക്ഷണ പദ്ധതികളും ജില്ലാപഞ്ചായത്തിനെ പുരസ്‌കാര നേട്ടത്തിലേക്ക് ഉയർത്താൻ കാരണമായി.
മട്ടന്നൂർ മുൻസിപ്പാലിറ്റി സംസ്ഥാനത്ത് രണ്ടാമത്
മുനിസിപ്പാലിറ്റി വിഭാഗത്തിൽ മട്ടന്നൂർ മുനിസിപ്പാലിറ്റിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. രണ്ടാംസ്ഥാനത്തിന് അഞ്ച് ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് മൂന്ന് ലക്ഷം രൂപയുമാണ് സമ്മാനത്തുക. ജില്ലാതല അവാർഡുകളിൽ ഗ്രാമപഞ്ചായത്ത് വിഭാഗത്തിൽ കോട്ടയം, കതിരൂർ, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തുകൾ ആദ്യമൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഇൻഫർമേഷൻ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്‌കാരത്തിനായി പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുൻഗണനാ പട്ടിക തയ്യാറാക്കിയത്.