p-bhavanan-
വെള്ളിക്കോത്ത് മഹാകവി പിയുടെ ഭവനം

കാസർകോട്: കേരളത്തിന്റെ സമഗ്ര നഗരനയം രൂപപ്പെടുന്നതോടെ കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് നഗരസഭയുടെ പ്രതീക്ഷകൾ വാനോളം ഉയരും. മുഖ്യമന്ത്രിയുടെ മുന്നിലുള്ള ദേശീയ പൈതൃക ഇടനാഴി പദ്ധതിയും കാഞ്ഞങ്ങാടിന്റെ സാംസ്കാരിക ഇടനാഴിയും നിലവിൽ വന്നാൽ അടുത്ത 50 വർഷത്തേക്കുള്ള വികസനത്തിന് ഒട്ടേറെ വഴികൾ തുറന്നുകിട്ടും. ഇവിടത്തെ സാമ്പത്തിക - നഗര വികസന - വ്യാപാര മേഖല കൊച്ചിയിൽ നടത്തിയ അർബൻ കോൺക്ലേവിനെ ആ നിലക്കാണ് വീക്ഷിക്കുന്നത്. അർബൻ വികസന പദ്ധതികൾ നടപ്പിലാക്കുമ്പോൾ 6 കേർപ്പറേഷനുകളും ജില്ലാ ആസ്ഥാനങ്ങളായ മലപ്പുറം, പാലക്കാട്, കോട്ടയം, ആലപ്പുഴ നഗരസഭകളും കഴിഞ്ഞാൽ ബാക്കി വെറും 4 നഗര കേന്ദ്രങ്ങൾ മാത്രമാണുള്ളത് എന്നത് കാഞ്ഞങ്ങാടിന്റെ പ്രാധാന്യം പ്രസക്തമാക്കുന്നു. ടൂറിസം, സാംസ്കാരിക പൈതൃകങ്ങളും പരമ്പരാഗത വ്യവസായങ്ങളും ഗ്രാമീണ സംരംഭങ്ങളും സംരക്ഷിക്കേണ്ടുന്നതിന്റെ പ്രാധാന്യം നഗരസഭ ചെയർപേഴ്സൺ കെ. വി സുജാത കോൺക്ലേവിന്റെ ശ്രദ്ധയിൽകൊണ്ടുവരികയും ചെയ്തു.

ചില നഗര വികസന സ്വപ്നങ്ങൾ

കാഞ്ഞങ്ങാട് റെയിലിന് കിഴക്ക് ഭാഗത്ത് സമാന്തരമായി കാഞ്ഞങ്ങാട് സൗത്ത് മുതൽ കോട്ടച്ചേരി വരെ നിലവിൽ റോഡുണ്ട്. ഇത് നീട്ടി ഇക്ബാൽ ജംഗ്ഷൻ വരെ എങ്കിലും ഏഴ് മീറ്റർ വീതിയിൽ വികസിപ്പിച്ചാൽ നഗരത്തിലെ തിരക്കിന് 30 ശതമാനം വരെ ആശ്വാസമാവും. റെയിൽവേ സ്റ്റേഷനിലേക്ക് തടസ്സമില്ലാ യാത്രയും കിട്ടും. നിത്യാനന്ദാശ്രമത്തിലേക്ക് എല്ലാ ഭാഗത്തു നിന്നും മികച്ച യാത്രാ സൗകര്യം കിട്ടും. ഒപ്പം ഹോസ്ദുർഗ് കോട്ടക്ക് അകത്തുള്ള നിരവധി കോടതികൾ, സർക്കാർ ഓഫീസുകൾ എന്നിവയിലേക്ക് നഗര തിരക്കിലേറാതെ പുതിയ പ്രവേശന വഴിയും സാധ്യമാവും. പുതിയ കോട്ട, പി സ്മാരകം, കുന്നുമ്മൽ റോഡ് വികസനം പഴയ ബസ്സ്റ്റാൻഡ് 15 നിലയുള്ള കെട്ടിട സമുച്ചയം, മട്ടുപ്പാവിലെ റിവോൾവിങ്ങ് ഗാർഡൻ റസ്റ്റോറന്റ്, 5 നില പാർക്കിംഗ്. വ്യാപാര സമുച്ചയം. കോട്ടച്ചേരി കുന്നുമ്മൽ - മേലാങ്കോട്ട് - അതിയാമ്പൂർ - ഉദയംകുന്ന് - മാവുങ്കാൽ റോഡ് 7 മീറ്റർ വീതിയിൽ വികസിപ്പിക്കുക. ഈ റോഡ് വന്നാൽ മാവുങ്കാലിലെ നിലവിലെ റോഡ് ബ്ലോക്ക് പൂർണ്ണമായും ഒഴിവാകും. കാഞ്ഞങ്ങാട് - പാണത്തൂർ ബസ് ഉൾപ്പെടെയുള്ള യാത്രകൾ ഈ ബദൽ പാത വഴി മാത്രം ക്രമീകരിച്ചാൽ മതി.

സാംസ്ക്കാരിക ഇടനാഴി

ചരിത്രപരമായും, സാംസ്‌കാരികമായും, സാമൂഹികമായും, പരമ്പരാഗതമായും കാഞ്ഞങ്ങാട് കൊതിപ്പിക്കുന്ന ഒരു സ്ഥലമാണ്. വിവിധ മേഖലകളിൽ മായാത്ത മുദ്ര പതിപ്പിച്ച സമകാലീനരായ നിരവധി പ്രമുഖരുടെ ജീവിതം നാടിന്റെ അഭിമാനകരമാണ്. സ്വാതന്ത്ര്യ സമരത്തിലും തുടർന്നുള്ള സാമൂഹിക സാംസ്‌കാരിക മുന്നേറ്റത്തിലും മികച്ച സംഭാവനകൾ നല്‍കി ജില്ലയുടെ അഭിമാനം വാനോളം ഉയർത്തിയ നിരവധി പ്രതിഭകളുടെ ജന്മസ്ഥലമാണ് കാഞ്ഞങ്ങാട്.

കോറിഡോർ നിർദ്ദേശം

അലാമിപ്പള്ളി മുതൽ മഡിയൻ വരെ 7 കിലോമീറ്റർ ദൂരത്തിൽ ദേശീയ സാമൂഹിക സാംസ്‌കാരിക പൈതൃക ഇടനാഴി വികസിപ്പിക്കുക. ഒരു നൂറ്റാണ്ട് മുമ്പുള്ള പരമ്പരാഗത കുടിൽ, കരകൗശല വ്യവസായങ്ങൾ പുനരുജ്ജീവിപ്പിക്കുക. കാഞ്ഞങ്ങാടിന്റെ നെല്ലറയായ കാരാട്ടുവയലിനെയും ലോകമെമ്പാടുമുള്ള ദേശാടന പക്ഷികളെ ആകർഷിക്കുന്ന പ്രദേശത്തെ ചുറ്റുമുള്ള ജലാശയങ്ങളെയും പുനരുജ്ജീവിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക. സാംസ്‌കാരിക വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക.