തളിപ്പറമ്പ്: ചുടല ദേശീയപാതയിൽ നിന്ന് ആരംഭിച്ച് അമ്മാനപ്പാറ- ഭൂദാനം- പാണപ്പുഴ വഴി മലയോരത്തേക്ക് ബസ് സർവീസ് അനുവദിക്കണമെന്ന ആവശ്യം ശക്തം. ചുടല -പാണപ്പുഴ റോഡ് വീതി കൂട്ടി മെക്കാഡം ടാറിംഗ് പൂർത്തീകരിച്ച് വർഷങ്ങളായി. ഇതോടു കൂടിയാണ് ഇത് വഴിയുള്ള ബസ് ഗതാഗതത്തിന് സാധ്യതയേറിയത്. കച്ചേരിക്കടവ് പാലം 13 വർഷങ്ങൾക്ക് മുമ്പേ പൂർത്തിയായിരുന്നു. ചുടലയിൽ നിന്ന് പാണപ്പുഴ മാത്ത് വയൽ പാലം വഴി മാതമംഗലം ടൗണിലേക്കുള്ള യാത്ര എളുപ്പമായിരുന്നു. ഇതുവഴി ചരക്ക് വാഹനങ്ങൾ അടക്കം കടന്നുപോകുകയും ചെയ്യുന്നുണ്ട്. അതിനിടെ, 57 കോടി രൂപ യാണ് ഏര്യം-ചുടല റോഡ് പൂർത്തീകരണത്തിനായി സർക്കാർ ചെലവിട്ടത്. ഇതോടുകൂടി ചുടല-മാതമംഗലം വഴി എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന സ്ഥിതിയായി. മലയോര കേന്ദ്രങ്ങളിൽ നിന്ന് മാതമംഗലം ടൗണിലൂടെ പാണപ്പുഴ അമ്മാന പ്പാറ - ചുടല ദേശീയപാത വഴി തളിപ്പറമ്പിലും കണ്ണൂരിലുമെത്താവുന്ന റൂട്ടാണിത്.
ഇതുവഴി ബസ് സർവീസ് ആരംഭിച്ചാൽ പരിയാരം മെഡിക്കൽ കോളേജിലേക്കുള്ള രോഗികൾക്കടക്കം ഗുണകരമാകും. കൂടാതെ ഇവിടങ്ങളിൽ നൂറ് കണക്കിന് വീടും ചെറുതും വലുതുമായ വ്യവസായ ശാലകളുമുണ്ട്. ബസ് സർവീസ് ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾക്കടക്കം വലിയ രീ തിയിലുള്ള യാത്രാക്ലേശമാണ് അനുഭവിക്കുന്നത്. ഇത് സംബന്ധിച്ച് ഗതാഗത മന്ത്രി കെ.ബി .ഗണേഷ് കുമാറിന് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പി.പി ദിപു നിവേദനം നൽകി. 30 വർഷം മുമ്പ് ബസ് സർവീസ് നടത്തിയിരുന്ന റൂട്ടാണിത്. കോടിക്ക ണക്കിന് രൂപ ചെലവിട്ട് റോഡ് നിർമിച്ചിട്ടും ഇപ്പോൾ ബസ് സർവീസ് ഇല്ലാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ.