കണ്ണൂർ: ശ്രീ കൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടന്ന ശോഭായാത്രയിൽ കണ്ണൂർ ജില്ലയിൽ നാടും നഗരവും വർണാഭമായി. കണ്ണൂരിൽ ശോഭയാത്ര വൈകീട്ട് 4ന് പ്രഭാത് ജംഗഷനിൽ നിന്നും ആരംഭിച്ചു. കൃഷ്ണന്റെയും ഗോപികമാരുടെയും വേഷം ധരിച്ച നിരവധി കുട്ടികൾ പങ്കെടുത്തു. നിശ്ചല ദൃശ്യങ്ങളും ഗോപിക നൃത്തങ്ങളും കലാപരിപാടികളും അരങ്ങേറി. ജനങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തടിച്ചു കൂടിയിരുന്നു. ബാലഗോകുലം സംഘടിപ്പിച്ച ശോഭയാത്ര അമൃതാനന്ദ മഠം മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി ഉദ്ഘാടനം ചെയ്തു.
സ്വാഗത സംഘം രക്ഷാധികാരി കെ.ജി. ബാബു അദ്ധ്യക്ഷത വഹിച്ചു. തുളിച്ചേരി ശ്രീനാരായണ ബാലഗോകുലാംഗവും സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ തുടർച്ചയായ മൂന്നു വർഷം കഥകളിയിൽ എ ഗ്രേഡ് നേടുകയും ചെയ്ത മാളവിക പതാക കൈമാറി. ബാലഗോകുലം ജില്ലാ കാര്യദർശി പി.വി. ഭാർഗ്ഗവൻ സ്വാഗതം പറഞ്ഞു. ആർഎസ്എസ് ഉത്തരപ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാർ, ഭാഗ്യശീലൻ ചാലാട്, ബാലൻ മാസ്റ്റർ, റജിൽ കാന്ത്, എം. അനീഷ്‌കുമാർ എന്നിവർ നേതൃത്വം നൽകി.