valam
രാസവളങ്ങൾ

നീലേശ്വരം: രാസവളങ്ങൾക്ക് കടുത്ത ക്ഷാമം തുടരുന്നത് കർഷകർക്ക് തിരിച്ചടിയായി. മഴ മാറി തെങ്ങ്, കവുങ്ങ്, റബ്ബർ എന്നിവയ്ക്ക് വളപ്രയോഗം നടത്തേണ്ട സമയമായെങ്കിലും രാസവളങ്ങൾ വേണ്ടത്ര ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു.

പൊട്ടാഷ്, യൂറിയ ബറോക്സ് എന്നിവ ലഭിക്കാനാണ് ഏറെ ബുദ്ധിമുട്ട്. ഇവ ചേരുന്ന മിക്സ്ചർ വളങ്ങളും കിട്ടാതായി. ഇതോടെ വളങ്ങൾക്ക് വിലയും വർദ്ധിക്കുന്നുണ്ട്. ഉത്പന്നങ്ങൾക്കു വില ഇടിയുകയും വളത്തിനു വില കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ കൃഷിയുമായി മുന്നോട്ടുപോകാൻ പാടുപെടുകയാണ് കർഷകർ.

യൂറിയയ്ക്ക് ഒരു കിലോയ്ക്ക് 6 രൂപയാണ് സബ്സിഡി നിരക്ക്. പൊട്ടാഷ് ഒരു ചാക്കിന് 1040 രൂപയും. പക്ഷേ ക്ഷാമം കാരണം രണ്ടിനും വില കൂടുതൽ നൽകേണ്ടി വരുന്നെന്നു കർഷകർ പറയുന്നു. മിക്സ്ചർ വളങ്ങളുടെ മറ്റൊരു പ്രധാന ഘടകമായ ഡൈ അമോണിയം ഫോസ്ഫേറ്റും ആവശ്യത്തിനു ലഭിക്കുന്നില്ല. വിലയിലും വർദ്ധനയുണ്ട്. ഫാക്ടംഫോസിന് കാര്യമായ ക്ഷാമമില്ലെങ്കിലും വിലയിൽ വർദ്ധന വന്നിട്ടുണ്ട്. 1390 രൂപയാണ് ഇപ്പോൾ ചാക്കിനു വില. മിക്സ്ചർ വളങ്ങൾക്കും പ്രതീക്ഷിക്കാത്ത തരത്തിൽ വില ഉയർന്നിട്ടുണ്ട്. മാസങ്ങൾ കഴിഞ്ഞാലും സർക്കാർ നൽകുന്ന സബ്സിഡി ലഭിക്കുമെങ്കിലും ഓഗസ്റ്റ്, സെപ്തംബർ മാസത്തിൽ നടത്തേണ്ട വളപ്രയോഗത്തിന് എന്തു ചെയ്യും എന്നതാണ് കർഷകരുടെ ആശങ്ക.

വില കൂടുമ്പോൾ ഉത്പാദനം കുറവ്

പച്ചത്തേങ്ങയ്ക്ക് വില കിട്ടുന്നുണ്ടെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഉത്പാദനം കുറവാണ്. അതുപോലെ ഈ വർഷത്തെ കനത്ത മഴയിൽ കവുങ്ങിന് രോഗം വന്നിരിക്കയാണ്. എന്നാൽ ഉത്പാദനം കുറഞ്ഞാലും തൊഴിലാളികളുടെ കൂലി വർഷന്തോറും കൂടുകയും ചെയ്യുന്നു. രാസവളങ്ങളുടെ വില വർദ്ധനവും, ആവശ്യത്തിന് വളം പ്രയോഗിക്കാനാകാത്തതും കാരണം കർഷകർ നട്ടം തിരിയുകയാണ്. സർക്കാരിന്റെ ക്ഷേമപെൻഷൻ കിട്ടുന്നതല്ലാതെ മറ്റ് യാതൊരു വരുമാനവും കർഷകനു കിട്ടുന്നുമില്ല. അതുകൊണ്ട് തന്നെ മിക്ക കർഷകരും കൃഷിയിൽ നിന്നും പിന്നോട്ടടിക്കുകയാണ്.