swamiji-
അമ്മ ഭാരത് ചാരിറ്റി ഫൗണ്ടേഷൻ സാവിത്രി കോട്ടവളപ്പിന് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം എടനീർ മഠാധിപതി ശ്രീ ശ്രീ സച്ചിദാനന്ദ ഭാരതി സ്വാമിജി നിർവ്വഹിക്കുന്നു

കാസർകോട്: സർക്കാരിന്റെ ലൈഫ് ഭവന നിർമ്മാണ പദ്ധതി പ്രകാരമുള്ള വീട് നൽകാതെ അധികൃതർ വട്ടംകറക്കുകയും ഓഫീസിനുള്ളിൽ പൂട്ടിയിടുകയും ചെയ്ത മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ കോട്ടവളപ്പിലെ സാവിത്രിക്ക് കൈത്താങ്ങായി കാസർകോട് ജില്ലാ അമ്മ ഭാരത് ചാരിറ്റി ഫൗണ്ടേഷൻ. ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഫൗണ്ടേഷൻ നിർമ്മിച്ച ഭവനത്തിന്റെ താക്കോൽ എടനീർ മഠാധിപതി ശ്രീ ശ്രീ സച്ചിദാനന്ദ ഭാരതി കൈമാറി.

അടുക്കത്ത് ബയൽ കോട്ടവളപ്പിൽ നടന്ന ‘അമ്മ ഭവന്റെ’ ഗൃഹപ്രവേശനത്തിലും താക്കോൽദാന ചടങ്ങിലമുണ്ടായ പ്രമുഖരുടെയും നാട്ടുകാരുടെയും സംഘടനാ പ്രവർത്തകരുടെയും ആത്മീയ, സാമൂഹ്യ നേതാക്കളുടെയും സാന്നിദ്ധ്യം ചടങ്ങിനെ ധന്യമാക്കി.

ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് ലഭിക്കും എന്ന് അറിയിപ്പിനെ തുടർന്ന്, ഉണ്ടായിരുന്ന കുടിൽ പൊളിച്ചതിനു ശേഷം പഞ്ചായത്തുമായി ബന്ധപ്പെട്ടപ്പോൾ പേര് മാറിപ്പോയി നിങ്ങൾക്ക് വീടില്ല എന്ന് അധികൃതർ പറഞ്ഞപ്പോൾ സാവിത്രി രേഖകൾ തിരിച്ചു ചോദിച്ചു. അതിനുള്ള പ്രതികാരമായി സാവിത്രിയെ ഓഫീസ് മുറിയിൽ പൂട്ടിയിട്ട സംഭവം ഏറെ വിവാദമായിരുന്നു. തുടർന്ന് അമ്മ ഭാരത് ചാരിറ്റി ഫണ്ടേഷൻ സാവിത്രിക്ക് വീട് നിർമ്മിച്ചു നൽകാൻ മുന്നോട്ടുവരികയായിരുന്നു.

എടനീർ മഠാധിപതി ദീപപ്രോജ്വലനവും താക്കോൽദാനവും നിർവഹിച്ച ചടങ്ങിൽ സ്വാമിജി നടത്തിയ അനുഗ്രഹ പ്രസംഗത്തിൽ മനുഷ്യസേവയുടെ പ്രാധാന്യവും ഭവന ദാനത്തിന്റെ ആത്മീയ മഹത്വവും ഓർമ്മിപ്പിച്ചു. അമ്മ ഭാരത് ചാരിറ്റി ഫൗണ്ടേഷൻ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം അദ്ധ്യക്ഷത വഹിച്ചു. വീടില്ലാത്ത കുടുംബത്തിന് വീടൊരുക്കുന്നത്, ജീവകാരുണ്യ പ്രവർത്തനം മാത്രമല്ല, മറിച്ച് മനുഷ്യസ്നേഹത്തിന്റെ പ്രതീകമാണ്. സമൂഹത്തിൽ ഇത്തരം സേവനങ്ങൾ തുടർന്നും നടത്തുകയാണ് ഫൗണ്ടേഷന്റെ ലക്ഷ്യമെന്ന് ഗണേഷ് അരമങ്ങാനം പറഞ്ഞു.

ഉത്തര മലബാർ തിയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് രാജൻ പെരിയ, ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ എം.എൽ അശ്വനി, ഡി.സി.സി ഭാരവാഹി അർജുനൻ തയലങ്ങാടി, സി.പി.എം. കാസർകോട് ലോക്കൽ സെക്രട്ടറി എസ്. സുനിൽ, മധൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണ, മൊഗ്രാൽ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ റാഫി എരിയാൽ, തിയ്യ മഹാസഭ ജില്ലാ പ്രസിഡന്റ്‌ പി.സി വിശ്വംഭരൻ പണിക്കർ, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് എസ്.പി ഷാജി, സേവാഭാരതി ജില്ലാ പ്രസിഡന്റ് എം.ടി ദിനേശ്, പുലിക്കുന്ന്–തളങ്കര കഴകം ഭഗവതി സേവാ സംഘം ജനറൽ സെക്രട്ടറി എ. ഗണേഷ്, സിനിമാ സംവിധായകൻ ഗിരീഷ് കുന്നുമ്മൽ, അടുക്കത്ത് ബയൽ ഗ്രാമ സമിതി പ്രസിഡന്റ് പദ്മനാഭൻ എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഗണേശ് മാവിനക്കട്ട സ്വാഗതവും അമ്മ ഭവൻ നിർമ്മാണ കമ്മിറ്റി കൺവീനരും മൊഗ്രാൽ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ പ്രമീള മജൽ നന്ദിയും പറഞ്ഞു.

അമ്മ ഭാരത് ചാരിറ്റി ഫൗണ്ടേഷൻ സാവിത്രി കോട്ടവളപ്പിന് നിർമ്മിച്ചുനൽകിയ വീടിന്റെ താക്കോൽദാനം എടനീർ മഠാധിപതി ശ്രീ ശ്രീ സച്ചിദാനന്ദ ഭാരതി നിർവ്വഹിക്കുന്നു