veethukunnu
പിലിക്കോട് പഞ്ചായത്തിലെ വീത് കുന്ന് സ്മൃതി വനം

ചെറുവത്തൂർ: സംസ്ഥാനതല പച്ചത്തുരുത്ത് പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ ദേവഹരിതം വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി പിലിക്കോട് പഞ്ചായത്തിലെ വീതുകുന്ന് സ്മൃതി വനം. പിലിക്കോട് പഞ്ചായത്തിലെ രണ്ട്, 11 വാർഡുകളിലായി സ്ഥിതിചെയ്യുന്ന ഏകദേശം 10 ഏക്കർ വിസ്തീർണ്ണമുള്ള ഈ കുന്ന് ഒരുകാലത്ത് നെൽവയലുകളാൽ ചുറ്റപ്പെട്ട അവസ്ഥയിലായിരുന്നു. കുന്നിന്റെ മുകളിൽ സ്ഥിതി ചെയ്യുന്ന വിഷ്ണുമൂർത്തിക്ഷേത്രവും ഒറ്റക്കോലം കളിയാട്ടവും അവിടുത്തെ ജനതയുടെ ജീവിതത്തിന്റെ ഭാഗമാണ്. ആൽ, ആരയാൽ, വെങ്കണ തുടങ്ങിയ ഒറ്റപ്പെട്ട വൃക്ഷങ്ങളും മുള്ളുകൾ നിറഞ്ഞ കുറ്റിക്കാടുകളും മാത്രമാണ് കുന്നിൽ ഉണ്ടായിരുന്നത്.

2010 മുതൽ പിലിക്കോട് പഞ്ചായത്തിലെ ജൈവവൈവിദ്ധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ ജൈവ വൈവിദ്ധ്യ സംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പൈതൃകം നാട്ടുവാഴ പദ്ധതി, പൈതൃകം നെൽവിത്ത് ഗ്രാമം, പൈതൃകം നാട്ടുമാവ്, പേരഗ്രാമം, വീത്കുന്ന് സ്മൃതിവനം തുടങ്ങിയ പദ്ധതികൾക്കും തുടക്കമായി. കുന്നിൻ ചെരിവുകളിൽ വ്യാപകമായി വനവൽക്കരണ പ്രവർത്തനങ്ങളും നടന്നു. തുടർന്ന് 2015 - 2020 കാലഘട്ടത്തിൽ മുൻ എം.എൽ.എ. കെ. കുഞ്ഞിരാമൻ നിരവധി നാട്ടുമാവുകൾ നട്ട് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. ഇപ്പോൾ ഇവിടെ 218 ഇനങ്ങളിലായി 1217 മരങ്ങൾ വളർന്നു നിൽക്കുന്നുണ്ട്.

സ്മൃതിവനത്തിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പഴയ വൃക്ഷങ്ങളോടൊപ്പം നാട്ടുകാർ പിന്നീട് നട്ടുപിടിപ്പിച്ച വൈവിദ്ധ്യമാർന്ന മരങ്ങളുമുണ്ട്. വിവിധ ജീവജാലങ്ങൾക്കും ഇപ്പോൾ ഇത് ഒരു ആവാസകേന്ദ്രമാണ്. കുന്നിന് ചുറ്റുമായി നിർമ്മിച്ച പൈതൃകം റിംഗ് റോഡ് പ്രഭാത-സായാഹ്ന സവാരിക്കാരുടെ പ്രിയപ്പെട്ട ഇടമാണ്.

വീതുകുന്ന് സ്മൃതി വനം