കണ്ണൂർ: കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഐ.ജി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. പൊലീസ് മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് കസ്റ്റഡി മർദ്ദനത്തിലും വടക്കാഞ്ചേരിയിൽ പ്രവർത്തകരെ മുഖം മൂടിയണിയിച്ചു കോടതിയിൽ ഹാജരാക്കിയതിലും പ്രതിഷേധിച്ചായിരുന്നു മാർച്ച്. ഡി.സി.സി ഓഫീസിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകരെ ഡി.ഐ.ജി ഓഫീസ് റോഡിൽ പൊലീസ് തടഞ്ഞു. ഉദ്ഘാടന പ്രസംഗത്തിനിടെ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുകയും ബാരിക്കേടിന് മുകളിൽ കൊടി കെട്ടുകയും ബാനർ ഉയർത്തുകയും ചെയ്തു. തുടർന്ന് ജലപീരങ്കിക്കെതിരെ കൊടി കെട്ടിയ വടി എറിഞ്ഞു. മൂന്നുതവണയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.
തുടർന്നും പിരിഞ്ഞു പോകാൻ തയ്യാറാവാതിരുന്ന പ്രവർത്തകരും പൊലീസും തമ്മിൽ ഏറേനേരം സംഘർഷാവസ്ഥയുണ്ടായി. നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് ശ്രമം പ്രവർത്തകർ ചെറുത്തു. ഏറെ നേരത്തെ ബലപ്രയോഗത്തിന് ശേഷം സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്, ജില്ലാ പ്രസിഡന്റ് എം.സി .അതുൽ ഉൾപ്പെടെയുള്ളവരെ പൊലീസ് വാഹനത്തിൽ കയറ്റിയപ്പോൾ വാഹനം മുന്നോട്ടെടുക്കാൻ സമ്മതിക്കാതെ പ്രവർത്തകർ തടഞ്ഞു. തുടർന്ന് ടൗൺ എസ്.എച്ച്.ഒ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സംഘം എത്തി മുഴുവൻ പേരെയും അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. മാർച്ച് പി. മുഹമ്മദ് ഷമ്മാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.സി. അതുൽ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ആഷിത്ത് അശോകൻ, കെ.കാവ്യ, അർജുൻ കോറോം, അലക്സ് ബെന്നി, അക്ഷയ് മാട്ടൂൽ, എബിൻ കേളകം, വൈഷ്ണവ് അരവഞ്ചാൽ എന്നിവർ പ്രസംഗിച്ചു.