nio

കണ്ണൂർ: പ്രതിരോധ നിരയ്ക്ക് ശക്തിപകരാൻ മെസ്സിയുടെ നാട്ടിൽ നിന്ന് നിക്കോളാസ് ഡെൽമോണ്ടെയെ ടീമിലെത്തിച്ച് കണ്ണൂർ വാരിയേഴ്സ് ഫുട്‌ബോൾ ക്ലബ്. ക്ലബ് ഫുട്‌ബോളിൽ വലിയ പരിചയസമ്പത്തുള്ള താരമാണ് നിക്കോളാസ്. അർജന്റീനയിലെ ഒലിവയിൽ ജനിച്ച താരം ദക്ഷിണ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിൽ കളിച്ച അനുഭവസമ്പന്നനാണ്.ലെഫ്റ്റ് ബാക്കായും ഡിഫൻസീവ് മിഡ്ഫീൽഡറായും ഈ 1.80 സെന്റീമീറ്റർ ഉയരക്കാരൻ തിളങ്ങുമെന്നാണ് വാരിയേഴ്സ് മാനേജ്മെന്റിന്റെ പ്രതീക്ഷ.

അർജന്റീനൻ ക്ലബ് ഇൻഡിപെൻഡിയെന്റിൽ നിന്നാണ് താരം കരിയർ ആരംഭിച്ചത്. 2010ൽ ടീമിനൊപ്പം കോപ്പ സുദാമെറിക്കാന കിരീടവും നേടി. തുടർന്ന് ഡിനാമോ ടിരാന (അൽബേനിയ), ജോഹോർ ദാരുൾ താഝിം (മലേഷ്യ), ബഷുന്ധര കിംഗ്സ് (ബംഗ്ലാദേശ്), ചിറ്റാ ഡി ഫാസാനോ (ഇറ്റലി), മാർബെല്ല, എക്സ്‌ട്രെമദൂറ, സബഡെൽ, സാമോറ, മെലില്ല, ലിനൻസെ, (സ്‌പെയിൻ) തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിച്ചു. കഴിഞ്ഞ സീസണിൽ സ്പാനിഷ് ക്ലബ് ഹുവെന്തൂദ് ടോറെമൊലിനോസിനായാണ് കളിച്ചത്.
ഇൻഡിപെൻഡിയെന്റിനൊപ്പം കളിക്കുമ്പോൾ പ്രമുഖ അർജന്റീനിയൻ താരം ഗാബി മിലിറ്റോക്കൊപ്പം കളിച്ചിരുന്നു. സ്‌പെയിൻ താരം ജീസുസ്സ് നവാസ്, അർജന്റീനയുടെ ബനേഗ, ഇക്കാർഡി എന്നിവർക്കെതിരെ സെവിയ, ഇന്റർ മിലാൻ തുടങ്ങിയ ടീമുകൾക്കെതിരെ സൗഹൃദ മത്സരം കളിച്ച പരിചയവും ഡെൽമോണ്ടോക്കുണ്ട്.കരിയറിലുടനീളം നിരവധി മത്സരങ്ങൾ കളിച്ച താരം വിവിധ ടീമുകളുടെ ലീഗ് പ്രമോഷനുകൾക്കും കപ്പ് വിജയങ്ങൾക്കും നിർണായകമായി. അൽബേനിയ ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ആഭ്യന്തര കിരീടങ്ങളും നേടിയിട്ടുണ്ട്.

മുഖ്യപരിശീലകൻ ഇന്ന് എത്തും

കണ്ണൂർ വാരിയേഴ്സിന്റെ മുഖ്യപരിശീലകൻ മാനുവൽ സാഞ്ചസ് ഇന്ന് കണ്ണൂരിലെത്തും. കണ്ണൂർ വിമാനത്താവളത്തിൽ ഉച്ചയ്ക്ക് 12.20ന് എത്തുന്ന സാഞ്ചസിനെ ക്ലബ് അധികൃതരും റെഡ് മറിനൈസും സ്വീകരിക്കും. ആദ്യസീസണിൽ കണ്ണൂർ വാരിയേഴ്സിനെ സെമിഫൈനലിലെത്തിച്ച പരിശീലകനാണ് മാനുവൽ സാഞ്ചസ്. മുഖ്യപരിശീലകനൊപ്പം അർജന്റീനൻ സെന്റർ ബാക്ക് നിക്കോളാസ് ഡെൽമോണ്ടയും ഉണ്ടാകും.