തലശ്ശേരി: കതിരൂർ വേളൂർ ലക്ഷം വീട് ഉന്നതിക്ക് സമീപം സി.പി.എം പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് ആർ.എസ്.എസ് പ്രവർത്തകർ പൊലീസ് പിടിയിൽ. അഞ്ച് ബി.ജെ.പി–ആർ.എസ്.എസ് പ്രവർത്തകർക്ക് എതിരെ കേസും രജിസ്റ്റർ ചെയ്തു. ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന ചാടലപ്പുഴ ബ്രാഞ്ച് സെക്രട്ടറി കടമ്പിൽ മോഹനനും പ്രവർത്തകൻ സി.കെ. ഷാനവാസും വേളൂർ ലക്ഷം വീട് ഉന്നതിക്ക് സമീപം വാഹനം തടഞ്ഞ് മാരകായുധങ്ങളുപയോഗിച്ച് ആക്രമിക്കപ്പെട്ട സംഭവത്തിലാണ് കതിരൂർ പൊലീസ് കേസ് എടുത്തത്. ഇരുവരും പരിക്കേറ്റു തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ മുഖ്യപ്രതികളായ കതിരൂർ ഡയമണ്ട് മുക്കിലെ നടേശൻ എന്ന അക്ഷയ്, പറാംകുന്നിലെ സജിത്ത് എന്നിവരാണ് അറസ്റ്റിലായത്. പരിക്കേറ്റ മോഹനനെയും ഷാനവാസിനെയും ഏരിയ സെക്രട്ടറി സി.കെ. രമേശൻ ആശുപത്രിയിൽ സന്ദർശിച്ചു.