ഇരിട്ടി: കീഴൂർ - ഇരിട്ടി ഹൈസ്‌കൂൾ റോഡിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് മതിലിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് അപകടം. ലോറിയുടെ തകർന്ന കാബിനകത്ത് കുടുങ്ങിപ്പോയ ഡ്രൈവർ നാദാപുരം വിളങ്ങോട്ടു സ്വദേശി ഇയാലിൽ ഷൈജു ജോസി (44) നെ സാരമായ പരിക്കുകളോടെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 12 മണിയോടെ ഇരിട്ടി താലൂക്ക് ആശുപത്രിയുടെ കെട്ടിട നിർമ്മാണ പ്രവൃത്തിക്കായി സാധനസാമഗ്രികൾ ഇറക്കി ഹൈസ്‌കൂൾ റോഡ് വഴി കീഴൂരിലേക്കു വരുന്നതിനിടെ ആയിരുന്നു അപകടം. ഇറക്കത്തിൽ നിയന്ത്രണം വിട്ട ലോറി റോഡരികിലെ വൈദ്യുതി പോസ്റ്റും കീഴൂർ വി.യു.പി സ്‌കൂളിന്റെ മതിലിലും തകർത്ത ശേഷം മതിലിനിടയിലൂടെ സ്‌കൂൾ കോംപൗണ്ടിലെ ഒരു മരത്തിലും ഇടിച്ചു നിൽക്കുകയായിരുന്നു. ഡ്രൈവറെ ഇരിട്ടി അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് മുക്കാൽ മണിക്കൂറോളം നടത്തിയ ശ്രമത്തെ തുടർന്നാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. സ്റ്റേഷൻ ഓഫീസർ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ എൻ.ജി. അശോകൻ, സീനിയർ ഫയർമാൻ എസ്. സുമേഷ് ലാൽ, ഫയർമാൻ എം. അരുൺ കുമാർ, എ.പി. ആഷിഷ്, സി.വി. സൂരജ്, ഹോംഗാർഡ് ടി. ശ്രീജിത്ത്, വി. രമേശൻ, എ. അനൂപ് എന്നിവരാണ് രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഇതേ സ്ഥലത്ത് വെച്ചുണ്ടായ അപകടത്തിൽ രണ്ടുവർഷം മുൻപ് താലൂക്ക് ആശുപത്രിൽ വന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെ ഓട്ടോമറിഞ്ഞ് ഒരു വീട്ടമ്മ മരിച്ചിരുന്നു.